എം.ഡി.എം.എയുമായി ആയുർവേദ ഡോക്ടർ പിടിയിൽ
text_fieldsഅൻവർഷാ
സുൽത്താൻ ബത്തേരി: മൈസൂരു -പൊന്നാനി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽനിന്ന് 160.77 ഗ്രാം എം.ഡി.എം.എയുമായി ആയുർവേദ ഡോക്ടർ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ കെ.വി. നിധിനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ തഴവ ചിറ്റുമൂല ഇടമരത്തു വീട്ടിൽ എൻ. അൻവർഷാ (32) ആണ് പിടിയിലായത്.
ഇയാൾ ദുബൈയിൽ സ്വന്തമായി ആയുർവേദ സെന്റർ നടത്തുന്ന ബി.എ.എം.എസ് ഡോക്ടറാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവാഹ ആവശ്യത്തിനായി അഞ്ചു മാസം മുമ്പാണ് നാട്ടിൽ വന്നത്. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറ വിൽപനക്കായി കൊണ്ടുപോകവെയാണ് പിടിയിലായത്.
പിടിച്ചെടുത്ത മയക്കുമരുന്ന് വിപണിയിൽ അഞ്ചു ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ്. 20 വർഷംവരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നു. അതിർത്തി ഭാഗങ്ങളിൽ എക്സൈസിന്റെ കർശന പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.
പ്രിവന്റിവ് ഓഫിസർമാരായ എം.എ. രഘു, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം. സുരേഷ്, ആർ.സി. ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.