'ശുചിമുറിയുടെ ടൈൽ പൊട്ടിയതിന് ഡോക്ടർ ഉത്തരവാദിയല്ല'; ഗണേഷ് കുമാറിനെതിരെ ഡോക്ടർമാരുടെ സംഘടന
text_fieldsതിരുവനന്തപുരം: പത്തനാപുരം തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഡോക്ടർമാർ. കേരള സ്റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോയിയേഷനും കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് ഫെഡറേഷനുമാണ് രംഗത്തെത്തിയത്.
ശുചിമുറിയുടെ ടൈൽ ഇളകിയതിന് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അമ്പിളി കുമാരിയാണോ ഉത്തരവാദിയെന്ന് സംഘടനയുടെ ഭാരവാഹികൾ ചോദിക്കുന്നു. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ചത് കൊണ്ടാണ് ടൈലും ഫ്ലെഷ് ടാങ്കും തകരാൻ ഇടയായത്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. വിഷയത്തിൽ അസിസ്റ്റന്‍റ് എൻജീനിയർ അടക്കമുള്ളവരാണ് നടപടി സ്വീകരിക്കേണ്ടതെന്നും അല്ലാതെ മെഡിക്കൽ ഓഫിസറിന്‍റെ ഉത്തരവാദിത്തമല്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
കെട്ടിടം നിർമിച്ച് ഉപകരണങ്ങൾ വാങ്ങിയിട്ടാൽ പോരെന്നും ഇവ പരിപാലിക്കാൻ ജീവനക്കാരില്ലെന്ന യാഥാർഥ്യം എം.എൽ.എ മനസിലാക്കണമെന്നും ഡോക്ടർമാർ പറയുന്നു. 40 കിടക്കകളുള്ള ആശുപത്രിയിൽ ഒരു സ്വീപ്പർ തസ്തികയാണുള്ളത്. 70 വയസുള്ള ആൾ ജോലിയിൽ നിന്ന് വിരമിച്ചു. നിലവിലെ ഒഴിവ് നികത്താൻ നടപടി സ്വീകരിച്ചിട്ടില്ല.
ആലോപതി സ്ഥാപനങ്ങളിൽ നാലിരട്ടി ജീവനക്കാരെ നിയമിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ആയുർവേദ വകുപ്പിൽ 1960ലെ സ്റ്റാഫ് പാറ്റേൺ ആണ് തുടരുന്നത്. ഇക്കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. തലവൂർ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് യൂനിറ്റ് സ്ഥാപിച്ചെങ്കിലും ഫിസിയോതെറാപ്പിസ്റ്റ് തസ്തിക നിലവിലില്ല. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഉപകരണങ്ങളിൽ പൊടിപിടിച്ചതെന്നും ഭാരവാഹികൾ വിശദീകരിക്കുന്നു.
അതേസമയം, തലവൂർ ആശുപത്രിക്കെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി കെ.ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടർമാരെ അപമാനിച്ചിട്ടില്ല. ആശുപത്രിയിലെ വീഴ്ചയാണ് ചൂണ്ടിക്കാട്ടിയത്. വിഷയത്തിൽ ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.