കുന്നിടിച്ചും ജലം ഊറ്റിയും ഇ.പി ജയരാജൻ പണിത ആയുർവേദ റിസോർട്ട്: പിണറായി മിണ്ടിയേ തീരൂ -കെ.പി.എ മജീദ്
text_fieldsകുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുർവേദ റിസോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ മിണ്ടിയിട്ടില്ലെന്നും ഈ അനീതിക്കെതിരെ അദ്ദേഹം മിണ്ടിയേ തീരൂവെന്നും മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തിയ മൊറാഴ ഉടുപ്പിലെ പത്തേക്കർ കുന്ന് പൂർണമായും ഇടിച്ച് നിരത്തിയെന്നും അരുതേയെന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവരെ ആട്ടിയോടിച്ചെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭ അതിവേഗം റിസോർട്ടിന് അനുമതി നൽകി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ലെന്നും നിർമാണം തടയാൻ ഒരു ചെങ്കൊടിയും ഉയർന്നില്ലെന്നും അദ്ദേഹം കുറിച്ചു.
ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണം സി.പി.എമ്മിന്‍റെ ആഭ്യന്തര വിഷയമാണെന്നായിരുന്നു മുസ്‍ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നത്. ഒരു പാർട്ടിയുടെയും ആഭ്യന്തര വിഷയങ്ങളിൽ ലീഗ് പ്രതികരിക്കാറില്ല. അത് അവർ കൈകാര്യം ചെയ്യട്ടെയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി. ജരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി സംസ്ഥാന സമിതി അംഗം പി. ജയരാജനാണ് ആരോപണമുന്നയിച്ചത്. കണ്ണൂർ ജില്ലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി. ജയരാജന്‍ സംസ്ഥാന സമിതിയിലെ ചര്‍ച്ചക്കിടെ ആവശ്യപ്പെട്ടത്. പരാതി തള്ളിക്കളയാതിരുന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി. ജയരാജന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
കെ.പി.എ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുർവേദ റിസോർട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തൽ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. മൊറാഴ ഉടുപ്പിലെ പത്തേക്കർ കുന്ന് പൂർണമായും ഇടിച്ച് നിരത്തി. അരുതേ എന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവരെ ആട്ടിയോടിച്ചു. പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭ അതിവേഗം റിസോർട്ടിന് അനുമതി നൽകി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ല. ഏതാണീ നഗരസഭയെന്ന് എല്ലാവർക്കും അറിയാം. കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കൺവെൻഷൻ സെന്റർ പണിയാനായി വിനിയോഗിച്ച പ്രവാസിക്ക് പ്രവർത്തനത്തിന് അനുമതി നൽകാതെ ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അതേ നഗരസഭ. നിർമാണം തടയാൻ ഒരു ചെങ്കൊടിയും ഉയർന്നില്ല. എതിർപ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി. റിസോർട്ട് നിർമാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്. പാർട്ടിക്കുള്ളിൽ പോര് മുറുകുന്നുണ്ട്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.