പ്രണയത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന: എം.ഡി.എം.എയുമായി ആയുർവേദ തെറപ്പിസ്റ്റ് പിടിയിൽ
text_fieldsകോട്ടയം: ഓണം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എം.ഡി.എം.എ യും 50 ഗ്രാം കഞ്ചാവുമായി ആയുർവേദ തെറപ്പിസ്റ്റ് പിടിയിൽ. ഇടുക്കി പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിളാണ് (24) പിടിയിലായത്.
ബംഗളൂരുവിൽ ആയുർവേദ തെറപ്പിസ്റ്റായ ഇയാൾ അവിടെനിന്ന് കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ മയക്കുമരുന്നുമായി കോട്ടയത്ത് എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. കാറും കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിൽനിന്ന് മയക്കു മരുന്ന് പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെത്തിച്ച് വിൽപന നടത്തുകയാണ് ഇയാളുടെ പതിവെന്ന് എക്സൈസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളുമായി പ്രണയത്തിലായി അവരെയും മയക്കുമരുന്ന് കണ്ണിയിൽ പെടുത്താറുണ്ട്. ഇത്തരത്തിൽ കോട്ടയത്തെ യുവതിയുമായി ഇൻസ്റ്റഗ്രാമിൽ ചാറ്റിങ് നടത്തിയതിനെ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം നടത്തിയപ്പോഴാണ് കോട്ടയത്തേക്ക് വരുന്ന സൂചന ലഭിച്ചത്.
ഇയാൾ മറ്റ് ജില്ലകളിൽ മയക്കുമരുന്ന് വിൽപന നടത്തിയതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആയുർവേദ തെറപ്പിസ്റ്റായി ജോലി നോക്കിയ ഇയാൾ കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ മയക്ക്മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ബാങ്ക് ഇടപാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ അറിയിച്ചു.
പ്രിവന്‍റീവ് ഓഫിസർമാരായ കെ.ആർ. ബിനോദ്, അനു വി. ഗോപിനാഥ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. നിമേഷ്, നിഫി ജേക്കബ്, കെ.വി. പ്രശോഭ്, വി. വിനോദ് കുമാർ, ഹാംലെറ്റ് , രജിത്ത് കൃഷ്ണ, വനിത സിവിൽ എക്സൈസ് ഓഫിസർ വിജയ രശ്മി, എം.പി. ധന്യ മോൾ, എക്സൈസ് ഡ്രൈവർ അനിൽ കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.