മഞ്ചേരിയിൽ അയ്യപ്പ ഭക്തരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു മരണം
text_fieldsമഞ്ചേരി: മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഓട്ടോ ഡ്രൈവർ മഞ്ചേരി മാലാംകുളം തടപറമ്പ് പുത്തൻപറമ്പിൽ അലവിയുടെ മകൻ പി.പി. അബ്ദുൽ മജീദ് (50), യാത്രക്കാരായ മഞ്ചേരി പയ്യനാട് താമരശ്ശേരി കരിമ്പുള്ളകത്ത് വീട്ടിൽ ഹമീദിന്റെ ഭാര്യ മുഹ്സിന (35), സഹോദരി കരുവാരകുണ്ട് വിളയൂർ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്നീമ (33), തസ്നീമയുടെ മക്കളായ റൈഹ ഫാത്തിമ (നാല്), റിൻഷ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. മരിച്ച സഹോദരികളുടെ മാതാവായ സാബിറ (58), മുഹ്സിനയുടെ മക്കളായ മുഹമ്മദ് നിഷാദ് (11), അസ ഫാത്തിമ (ആറ്), മുഹമ്മദ് അസ്ഹാൻ (നാല്), തസ്നീമയുടെ മകൻ റയാൻ (ഒരു വയസ്സ്) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം.
കഴിഞ്ഞ ബുധനാഴ്ചയാണ് തസ്നീമ വിദേശത്ത് നിന്ന് എത്തിയത്. മഞ്ചേരി കിഴക്കേത്തലയിൽനിന്ന് പുല്ലൂരിലുള്ള സാബിറയുടെ മാതാവിനെ കാണാൻ പോകവേ അരീക്കോട് ഭാഗത്തുനിന്ന് വന്ന തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് ഇടിക്കുകയായിരുന്നു.
പരിക്കേറ്റ അഞ്ച് പേരെയും മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.