സമര കഥകളുറങ്ങും ആസാദ് മൈതാനം
text_fieldsതൃപ്പൂണിത്തുറ: സ്വാതന്ത്ര്യ സമരകാലം മുതല്‍ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു മൈതാനം തൃപ്പൂണിത്തുറയിലുണ്ട്. എസ്.എന്‍ ജങ്ഷനില്‍നിന്ന് എരൂരിലേക്ക് പോകുന്ന വഴിയിലാണ് ‘ആസാദ് മൈതാനം’. സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായി അഹോരാത്രം ഇറങ്ങിത്തിരിച്ച ജനക്കൂട്ടം അന്ന് സമരങ്ങള്‍ക്കായി ഒത്തുകൂടിയിരുന്ന മൈതാനമാണിത്.
1940കളില്‍ മൗലാന അബുൾകലാം ആസാദ് സമരപരിപാടികള്‍ക്കായി ഇവിടെയെത്തിയതോടെ മൈതാനത്തിന്റെ പേര് ആസാദ് മൈതാനം എന്നായി മാറുകയായിരുന്നു. അക്കാലത്ത് തൃപ്പൂണിത്തുറയിലെയും പരിസര പ്രദേശങ്ങളിലെയും സ്വാതന്ത്ര്യ സമര പരിപാടികളെല്ലാം ആരംഭിച്ചിരുന്നതും അവസാനിച്ചിരുന്നതും ഇവിടെയാണ്. ക്ഷേത്രപ്രവേശനസമരം, അയിത്തോച്ഛാടനസമരം, കര്ഷകപ്രക്ഷോഭങ്ങള് തുടങ്ങി ചരിത്രസമരങ്ങളുടെ വേലിയേറ്റങ്ങള്‍ക്ക് തന്നെ ആസാദ് മൈതാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ ഹില്‍പാലസും കോട്ടയ്ക്കകവും നിലവിലുണ്ടായിരുന്നുവെങ്കിലും അക്കാലത്ത് കോട്ടയ്ക്കകത്ത് സാധാരണക്കാര്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. തൃപ്പൂണിത്തുറയിലെ നടമ, എരൂര്‍ ദേശങ്ങളുടെ അതിര്‍ത്തി തിരിക്കുന്ന ആസാദ് മൈതാനത്തിന്റെ ഗണ്യമായ ഭാഗത്ത് ഇപ്പോള്‍ ജല അതോറിറ്റിയുടെ ഓഫിസും കൂറ്റന്‍ ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്കുമാണ് സ്ഥിതി ചെയ്യുന്നത്.
വിശാലമായ മൈതാനത്തിന്റെ ഒരു ഭാഗം സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതോടെ മൈതാനം ആസാദ് പാര്‍ക്കായി പരിണമിച്ചു. 1999ല്‍ മൗലാന അബുൾകലാം ആസാദിന്റെ അർധകായ പ്രതിമയും പാര്‍ക്കില്‍ സ്ഥാപിച്ചു. ഇവിടത്തെ ബസ് സ്റ്റോപ്പിന്റെ പേരും ആസാദ് എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.