ഭീമൻ രഘു നാടകത്തിലേക്ക് വലിച്ചു കേറ്റിയത് ചെറുതല്ലാത്ത ഒരാളെ -ഡോ. ആസാദ്
text_fieldsമലപ്പുറം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് കേട്ട നടൻ ഭീമൻ രഘു, തന്റെ നാടകത്തിലേക്ക് ചെറുതല്ലാത്ത ഒരാളെയാണ് വലിച്ചു കേറ്റിയതെന്ന് ഇടത് ചിന്തകൻ ഡോ. ആസാദ്. ‘ഏകപാത്ര നാടകമായിരുന്നത് ഇരുപാത്ര നാടകവും പിന്നീട് ബഹുപാത്ര നാടകവുമായി പരിണമിക്കുന്നു. മോദിയുടെ മുന്നിൽ ചെയ്യണമെന്നുണ്ടായിരുന്നു ഭീമന്. ഇവിടെത്തന്നെ അവസരമുള്ളപ്പോൾ വേദി എന്തിന് കേന്ദ്രത്തിലേക്കു മാറ്റണം! കൂവുന്നത് പ്രതിഷേധമാണെന്ന് അറിയുന്ന ആൾ നിശ്ശബ്ദതയുടെ തീഷ്ണമായ പ്രതിഷേധം പെട്ടെന്ന് തിരിച്ചറിഞ്ഞുകാണില്ല. സ്ക്രിപ്റ്റില്ലാത്ത നാടകത്തിന്റെ ശക്തിയും പ്രത്യേകതയുമാണത്’ -ഡോ. ആസാദ് ഫേസ്ബുക്കിൽ കുറിച്ചു.
‘ഭീമൻ രഘുവിന്റെ സി പി എം പ്രവേശം തുടക്കംമുതൽ ഒരേകപാത്ര നാടകത്തിന്റെ കരുതലോടെയും വിമർശനത്ത്വരയോടെയും ഉള്ളതത്രെ.
ബി.ജെ.പിയിൽനിന്നാണ് വരവ്. വണങ്ങാനും സ്തുതിക്കാനും (ശബ്ദംകൊണ്ടും ശരീരംകൊണ്ടും) അവസരം കുറവല്ലാത്ത ഇടമാണത്. കേരളത്തിലുണ്ട് അതിലും കുനിയേണ്ടിടമെന്ന് ഒരാൾക്ക് സി പി എമ്മിനെയും പിണറായിയെയും തോന്നുന്നത് എന്തുകൊണ്ടാവും? അധികാര മൂർത്തിക്കു മുന്നിൽ ഇരിപ്പുറയ്ക്കാതെ നിൽക്കുന്ന സാംസ്കാരിക പരിവാരങ്ങളുടെ നേർച്ചിത്രം പ്രതീകാത്മകമായി ഭീമൻ എന്ന നടൻ അവതരിപ്പിക്കുന്നു. ഭീമൻ രഘു അഭിനയിക്കുകയാവില്ല. ജീവിക്കുന്നു എന്നു പറയണം. പക്ഷേ, സുരാസുവും മൊകേരിയും രജിതയും ഗോപാലനുമൊക്കെ ചെയ്ത ഏകപാത്ര നാടകങ്ങളെക്കാൾ തീഷ്ണവും ലക്ഷ്യവേധിയുമാണ് ഭീമൻ രഘുവിന്റേതെന്ന് പറയാതെ വയ്യ.
ഒരു നടൻ നാട്യമായി പരിണമിക്കുന്നു. വേർപെടുത്താനാവാതെ അയാളുടെ ചലനങ്ങൾ നയവും അഭിനയവും കലർന്നതാവുന്നു. രണ്ടുപേർ അഭിമുഖമായി എഴുന്നേറ്റ് നിൽക്കുന്ന സദസ്സ്. ഒരാൾ സംസാരിക്കുന്നു. മറ്റേയാൾ സാകുതം കേൾക്കുന്നു. ബാക്കിയെല്ലാവരും ശ്വാസംപിടിച്ച് ഇരിക്കുന്നു. ആളുകൾ സംസാരിക്കുന്ന ആളെ കേൾക്കുന്നു. ആളുകൾ നിശ്ശബ്ദമായ മറ്റൊരു പ്രഭാഷണത്തിലും വഴുതിപ്പോകുന്നു. ഒരാൾ അയാളെത്തന്നെ കാണുന്നപോലെ, ഒരു ദർപ്പണദൃശ്യം പോലെ ഒരു നാടകരംഗം.
ഇരിക്കുന്നവർക്ക് ധർമ്മസങ്കടം. നായകനും പ്രതിനായകനും നിവരുന്ന ചിത്രമാണ്. ഒരാളെ തള്ളണം. ഈ നിവർന്ന കുനിവ് അഥവാ നേർവളവ് നമ്മുടെ പൊതുസമൂഹത്തിൽ സന്നിവേശിപ്പിക്കപ്പെട്ട രാഷ്ട്രീയാധികാര /അടിമത്ത കാലത്തെ നേർചിത്രമാണ്. അവനവനിലേക്കു നോക്കാൻ പ്രേരിപ്പിക്കുന്ന ദീർഘമായ ഒരു നാടകരംഗം. ലക്ഷ്യം കഥാർസിസ് തന്നെ!
സംസാരിക്കുന്നയാളുടെ ഓരോ വാക്കും തൊട്ടമുന്നിലെ ഉടൽപ്രതിമയിൽ ചെന്നു തട്ടുന്നുണ്ട്. അവിടത്തെ നിസ്സംഗഭവ്യത തിരിച്ചു കൊള്ളുന്നുണ്ട്. സ്റ്റേജിൽ രണ്ടുപേർ. നാടകത്തിലേക്ക് അയാൾ ചെറുതല്ലാത്ത ഒരാളെയാണ് വലിച്ചു കേറ്റിയത്. ഏകപാത്ര നാടകമായിരുന്നത് ഇരുപാത്ര നാടകവും പിന്നീട് ബഹുപാത്ര നാടകവുമായി പരിണമിക്കുന്നു. മോദിയുടെ മുന്നിൽ ചെയ്യണമെന്നുണ്ടായിരുന്നു ഭീമന്. ഇവിടെത്തന്നെ അവസരമുള്ളപ്പോൾ വേദി എന്തിന് കേന്ദ്രത്തിലേക്കു മാറ്റണം! കൂവുന്നത് പ്രതിഷേധമാണെന്ന് അറിയുന്ന ആൾ നിശ്ശബ്ദതയുടെ തീഷ്ണമായ പ്രതിഷേധം പെട്ടെന്ന് തിരിച്ചറിഞ്ഞുകാണില്ല. സ്ക്രിപ്റ്റില്ലാത്ത നാടകത്തിന്റെ ശക്തിയും പ്രത്യേകതയുമാണത്.’ -ആസാദ് അഭിപ്രായപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രസംഗം എവിടെ കേട്ടാലും താന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ടെന്നായിരുന്നു നടൻ ഭീമൻ രഘുവിന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് തന്റെ അച്ഛനുമായി പലപ്പോഴും സാമ്യം തോന്നാറുണ്ടെന്നും രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായി വളരെ ഇഷ്ടമാണെന്നും ഭീമൻ രഘു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.