അഴീക്കൽ കൊലപാതകം: മൃതദേഹം ഇന്ന് ഒഡിഷയിലേക്ക് കൊണ്ടുപോകും
text_fieldsഅഴീക്കൽ: ചൊവ്വാഴ്ച രാവിലെ അഴീക്കലിൽ പണി നടക്കുന്ന കെട്ടിടത്തിൽ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയായ ഒഡിഷ സ്വദേശി രമേഷ് ദാസിന്റെ (45) മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പോസ്റ്റുമോർട്ടത്തിനുശേഷം കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഒഡിഷ സർക്കാറിന്റെ സഹായത്തോടെ ആംബുലൻസിൽ വ്യാഴാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോകാൻ ധാരണയായി.
അന്തർസംസ്ഥാന തൊഴിലാളികളെ അടക്കം ചോദ്യം ചെയ്തതെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ചെങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അടിയുടെ ആഘാതത്തിൽ തലയോട്ടി തകർന്ന നിലയിലായിരുന്നു. മൃതദേഹത്തിന് സമീപം രക്തം തളംകെട്ടിനിൽക്കുന്നതായും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാവിലെ തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് സൈറ്റ് എൻജിനിയർ ടി.സി. ഷിബിൻ എത്തി പൊലീസിനെ അറിയിച്ചു.
വളപട്ടണം ഇൻസ്പെക്ടർ ടി.വി. സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിറ്റി പൊലീസ് കമീഷണർ അജിത്ത്കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എ.വി. ജോൺ എന്നിവരും സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പ്രത്യേക അന്വേഷണ സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
നിരവധി പേരെ ചോദ്യം ചെയ്തു
25ഓളം മത്സ്യത്തൊഴിലാളികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ബുധനാഴ്ച ചോദ്യം ചെയ്തു. കൊലയാളിയെ സംബന്ധിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചില്ലെന്ന് അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ സോമൻ പറഞ്ഞു. അന്വേഷണം ഊർജിതമാണെന്നും താമസിയാതെ പ്രതിയെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹത്തിൽനിന്ന് മണം പിടിച്ച് ഓടിയ പൊലീസ് നായ് റിക്കി തൊട്ടടുത്ത് നിർമാണത്തിലുള്ള കെട്ടിടത്തിലാണ് ആദ്യം കയറിയത്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് നിലത്ത് സോപ്പുണ്ടായിരുന്നു.
തുടർന്ന് റോഡിലൂടെ നേരെ ഹാർബറിലേക്ക് ഓടി നിർത്തിയിട്ട ബോട്ടിന് സമീപം നിന്നു. മൃതദേഹത്തിന് അരികെനിന്ന് ചുവന്ന സഞ്ചി പൊലീസ് കണ്ടെടുത്തു. വസ്ത്രങ്ങളും തോർത്തുമായിരുന്നു സഞ്ചിയിൽ.
മരിച്ചയാളെ തിരിച്ചറിഞ്ഞത് ഭാര്യ
കൊല്ലപ്പെട്ട നിർമാണത്തൊഴിലാളിയെ പരിസരത്തുള്ളവർക്ക് തിരിച്ചറിയാനാകാത്തതോടെ മരിച്ചയാളുടെ ഫോണിൽ അവസാനമായി വിളിച്ച നമ്പറിൽ പൊലീസ് തിരിച്ചുവിളിക്കുകയായിരുന്നു.
ചലനമറ്റ് കിടക്കുന്നയാളെ വിഡിയോ കാൾ മുഖേന മുഖം കാണിച്ചു. മുഖം കണ്ടതോടെ മറുതലക്കൽനിന്ന് ‘ഇതെന്റെ ഭർത്താവാണ് എന്നുപറഞ്ഞ് പൊട്ടിക്കരച്ചിലായിരുന്നു. ഇതോടെയാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.