എറണാകുളം യാത്രാസമയം ഗണ്യമായി കുറയും; സ്വപ്ന തീരത്ത് അഴീക്കോട് -മുനമ്പം പാലം
text_fieldsഅഴീക്കോട് ജങ്കാർ ജെട്ടി
അഴീക്കോട്: തീരദേശത്തിന്റെ വികസന മോഹങ്ങൾക്ക് ചിറകുകൾ നൽകി അഴീക്കോട്-മുനമ്പം പാലം യാഥാർഥ്യത്തിലേക്ക് അടുക്കുമ്പോൾ വ്യാവസായിക നഗരമായ കൊച്ചിയുടെ ഉപഗ്രഹ നഗരമായി മാറാനൊരുങ്ങുകയാണ് കൊടുങ്ങല്ലൂർ ഉൾപ്പെടുന്ന തീരപ്രദേശം.
തീരദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ പാലം നിർമാണം പൂർത്തിയാകുന്നതോടെ എറണാകുളത്തേക്കുള്ള യാത്രദൂരവും സമയവും ഗണ്യമായി കുറയും. നിലവിൽ ജോലിക്കും വിദ്യാഭ്യാസത്തിനും ആതുരസേവനങ്ങൾക്കും മറ്റുമായി തീരദേശത്തെ നിരവധി പേരാണ് എറണാകുളം, കൊച്ചി നഗരങ്ങളെ ആശ്രയിക്കുന്നത്.
നിർദിഷ്ട വല്ലാർപാടം-കോഴിക്കോട് തീരദേശ ഇടനാഴിയുടെ ഭാഗമായ പാലം യാഥാർഥ്യമാകുമ്പോൾ നിർദിഷ്ട വൈപ്പിൻ-പള്ളിപ്പുറം തീരദേശ ഹൈവേയുടെ ഭാഗമായും മാറും. വ്യാവസായിക നഗരമായ കൊച്ചിയിലേക്കുള്ള യാത്രദൂരവും ഗണ്യമായി കുറയും.
വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാന പാതയിലേക്ക് എത്തുന്ന എളുപ്പവഴിയായി മാറും. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ചെറായി, മുനക്കൽ ബീച്ചുകളെ ബന്ധിപ്പിക്കുന്നതോടെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും വഴിതുറക്കും. ഇരു ജില്ലകളിലുമായി സ്ഥിതിചെയ്യുന്ന മുസ്രിസ് പൈതൃക പദ്ധതി പ്രദേശങ്ങളെയും ചരിത്ര സ്മാരകങ്ങളെയും എളുപ്പത്തിൽ ബന്ധിപ്പിക്കാനും സാധിക്കും. തീരദേശ ഇടനാഴികൂടി യാഥാർഥ്യമാകുന്നതോടെ പടിഞ്ഞാറൻ മേഖലയുടെ സമഗ്ര വികസനത്തിനും വഴിയൊരുങ്ങും.
ഡിസംബറിൽ സാങ്കേതികാനുമതി ലഭിച്ച പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം കരാർ ഉറപ്പിച്ചതോടെയാണ് തീരമേഖലയുടെ വികസന മോഹങ്ങൾക്ക് ജീവൻ വെച്ചത്. 127 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. തുടർനടപടികൾ പൂർത്തിയാക്കി ഏപ്രിലിൽ നിർമാണം ആരംഭിക്കാനാണ് നീക്കം. ഇരുകരയിലെയും സ്ഥലമെടുപ്പിനും ഡ്രെഡ്ജിങ്ങിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി പദ്ധതിക്ക് ആകെ 154.62 കോടിയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്. 868.60 മീറ്റർ നീളവും 12 മീറ്റർ വീതിയിലും നിർമിക്കുന്ന പാലത്തിന് മധ്യഭാഗത്ത് 12 മീറ്ററും കരയിൽ ഇരുവശത്തും 8.14 മീറ്ററുമാണ് ഉയരം. 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. സമരസമിതിയുടെയും മറ്റും നിരന്തര പോരാട്ടങ്ങൾക്കൊടുവിൽ 2020ലാണ് ഭരണാനുമതി ലഭ്യമായത്.
മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്
അഴീക്കോട്: തൃശൂർ, എറണാകുളം ജില്ലകളുടെ തീരമേഖലകളെ ബന്ധിപ്പിക്കുന്ന പാലമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട്-മുനമ്പം പാലം സമരസമിതിയും വിവിധ സംഘടനകളും രണ്ട് പതിറ്റാണ്ടിലേറെയായി സമരരംഗത്തുണ്ട്. 2007ൽ ഉണ്ടായ കടത്തുബോട്ട് അപകടവും പിന്നീട് വിവിധ കാരണങ്ങളാൽ ജങ്കാർ മുടക്കവും മറ്റും പതിവായതോടെയാണ് പാലത്തിനായുള്ള ആവശ്യം ശക്തമായത്.
വി.എസ് സർക്കാറിന്റെ അവസാന നാളുകളിൽ ശിലാസ്ഥാപനം നടത്തിയെങ്കിലും പദ്ധതി എവിടെയുമെത്തിയിരുന്നില്ല. രണ്ട് സർക്കാറുകളുടെ കാലത്തും ഒന്നിലേറെ തവണ ബജറ്റിൽ തുക വകയിരുത്തിയെങ്കിലും പലവിധ കാരണങ്ങളാൽ കാത്തിരിപ്പ് നീണ്ടു. സമരസമിതിയുടെയും മറ്റും നിവേദനങ്ങൾക്കും സമരങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ 2020ലാണ് ഭരണാനുമതി ലഭ്യമായത്. കഴിഞ്ഞ ഡിസംബറിൽ സാങ്കേതികാനുമതി ലഭിച്ച പദ്ധതി കഴിഞ്ഞ മാസം ടെൻഡർ നടപടികൾ പൂർത്തിയാക്കി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. തുടർനടപടികൾ പൂർത്തിയാക്കി ഏപ്രിലോടെ നിർമാണം ആരംഭിക്കാനാണ് ശ്രമം. അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പ് വൈകാതെ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇരുഭാഗത്തുമായി 45.04 ആർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരത്തുകയായ 14.61 കോടി നേരത്തേ അനുവദിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.