അഴീക്കോട്-മുനമ്പം ജങ്കാർ സർവിസ് നിർത്തി
text_fieldsഎറിയാട്: അഴീക്കോട്-മുനമ്പം ജങ്കാർ സർവിസ് ശനിയാഴ്ച നിർത്തി. ജങ്കാർ ഡ്രൈ ഡോക്ക് നടത്തിയിട്ട് മൂന്നുവർഷം തികഞ്ഞതിനാൽ വീണ്ടും അറ്റകുറ്റപ്പണി നടത്തേണ്ടതിനാലാണ് സർവിസ് അവസാനിപ്പിച്ചത്. ഡ്രൈ ഡോക്ക് നടത്തി ഫിറ്റ്നസ് ലഭിച്ചാലും അഴീക്കോട് മുനമ്പം പാലം നിർമാണം പുരോഗമിക്കുന്നതിനാൽ അധികകാലം സർവിസ് തുടരാനാവില്ലെന്ന നിഗമനത്തിലാണ് നടത്തിപ്പുകാരായ ജില്ല പഞ്ചായത്ത് ജങ്കാർ നിർത്തിവെക്കാൻ കരാറുകാരന് നിർദേശം നൽകിയതെന്ന് അറിയുന്നു.
നാലുമാസം മുമ്പുതന്നെ സർവിസ് നിർത്തിവെക്കണമെന്ന് അറിയിച്ച് ജില്ല പഞ്ചായത്ത് കരാറുകാരന് കത്ത് നൽകിയിരുന്നു. എന്നാൽ, യാത്രാതടസ്സം ഒഴിവാക്കാൻ മുനമ്പം കടവിൽ പാലത്തിന്റെ തൂണുകളുടെ പൈലിങ് ആരംഭിക്കുന്നതുവരെ സർവിസ് തുടരാൻ ജങ്കാർ, പാലം കരാറുകാർ തമ്മിൽ അനൗദ്യോഗിക ധാരണയിലെത്തുകയായിരുന്നു.
ജങ്കാർ നിർത്തിയതോടെ സുരക്ഷിതമായ ബദൽ മാർഗം വേണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്. മുനമ്പം ഭാഗത്ത് ബോട്ട് ജെട്ടിക്കായി ഏതാനും മാസം മുമ്പ് സ്ഥലം അന്വേഷിച്ചെങ്കിലും ലഭ്യമായിരുന്നില്ല. അതേസമയം, ജങ്കാർ സർവിസ് നിർത്തിവെക്കേണ്ടിവന്നത് ജില്ല പഞ്ചായത്തിന്റെ കടുകാര്യസ്ഥത മൂലമാണെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു.
നൂറുകണക്കിനാളുകളുടെ ആശ്രയമായ ജങ്കാർ അകാരണമായി നിർത്തിവെക്കാൻ അനുവദിക്കില്ലെന്നും ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും മണ്ഡലം പ്രസിഡന്റ് ഇ.എ.റഷീദ് അറിയിച്ചു. എറിയാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.എം.അംജദ്, പ്രവാസി വെൽഫെയർ ഫോറം മണ്ഡലം കൺവീനർ സിദ്ദീക്ക് പഴങ്ങാടൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സഈദ, സുലൈമാൻ എന്നിവർ സംസാരിച്ചു.
ബദൽ സംവിധാനം ഏർപ്പെടുത്താതെ ജങ്കാർ നിർത്തിയാൽ സമരം ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് മനാഫ് അഴീക്കോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.