അഴിയൂർ ലഹരികടത്ത്: വിദ്യാർഥിനിയിൽ നിന്ന് വീണ്ടും മൊഴിയെടുത്തു
text_fieldsവടകര: അഴിയൂരിൽ വിദ്യാർഥിനിയെ ലഹരികടത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ വീണ്ടും മൊഴിയെടുത്തു. കൗൺസലറുടെ സഹായത്തോടെയാണ് ബുധനാഴ്ച വീണ്ടും വിദ്യാർഥിനിയിൽനിന്ന് മൊഴിയെടുത്തത്. സ്കൂൾ അധ്യാപകർ, മറ്റ് വിദ്യാർഥികൾ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിനാണ് അന്വേഷണച്ചുമതല.
വിദ്യാർഥിനിയെ ലഹരി നൽകി ലഹരികടത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ ചോമ്പാല പൊലീസ് പോക്സോ കേസെടുക്കുകയും കസ്റ്റഡിയിലെടുത്ത യുവാവിനെ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണ് കുട്ടിയിൽനിന്ന് വീണ്ടും മൊഴിയെടുത്തത്.
എക്സൈസ് ഡെപ്യൂട്ടി കമീഷണർ രാജേന്ദ്രൻ ബുധനാഴ്ച രാവിലെ സ്കൂൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാർഥിനിയിൽനിന്ന് വിശദ മൊഴിയെടുക്കും.
പ്രദേശത്ത് ബൈക്കിൽ ലഹരി എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമീഷണർ പറഞ്ഞു.ഇതിനിടെ, വിദ്യാർഥിനിയെ സ്കൂളിൽ എത്തിച്ച് പഠനം തുടരാൻ വിദ്യാഭ്യാസ വകുപ്പും നടപടി തുടങ്ങി.
ചോമ്പാല ലഹരി കേസിൽ കർശന നടപടി
തിരുവനന്തപുരം: ചോമ്പാലയിലെ ലഹരി കേസിൽ കർശന നടപടിക്ക് നിർദേശം നൽകിയതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. പൊലീസും എക്സൈസും അന്വേഷണം നടത്തും. മയക്കുമരുന്നുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് സ്വന്തമായ നിയമനിർമാണം നടത്താനാകില്ലെന്നും കെ.പി. മോഹനന്‍റെ സബ്മിഷന് മറുപടി നൽകി. കെ.കെ. രമയും ഈ വിഷയം ഉന്നയിച്ചു.
സ്കൂളുകളിൽ ജനകീയ സമിതികൾ വന്നതോടെ ജനങ്ങളുടെ ഇടപെടൽ വർധിച്ചിട്ടുണ്ട്. ചെറിയ അളവ് ലഹരി കൈവശംവെച്ചാൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ട്. കേരളത്തിൽ ചെറിയ അളവ് പോലും ഗൗരവമുള്ളതാണ്. ലഹരിയുടെ അളവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമ വ്യവസ്ഥ പരിഷ്കരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ശിക്ഷിക്കപ്പെട്ടവർ പിന്നീട് സമാന കേസിൽ പ്രതിയായാൽ ഇരട്ടി ശിക്ഷ കിട്ടാൻ നടപടി എടുക്കുന്നുണ്ട്. വാണിജ്യപരമായ അളവ് പിടിച്ചവരിൽനിന്ന് പിന്നീട് ചെറിയ അളവ് പിടിച്ചാൽ വധശിക്ഷ വരെ ലഭ്യമാകുന്ന വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.