മരണക്കുഴികൾ വഴിമാറി; ആസിമിന് മുന്നിൽ പെരിയാറും കീഴടങ്ങി
text_fieldsആലുവ: ശാരീരിക വെല്ലുവിളികളെ സാഹസികതകൊണ്ട് തോൽപിക്കാൻ തയാറായ മുഹമ്മദ് ആസിമിന് മുന്നിൽ പെരിയാറിലെ മരണക്കുഴികൾപോലും വഴിമാറി. ജന്മനാ രണ്ടുകൈയും വലതുകാലിന് സ്വാധീനവും ഇല്ലാത്ത ആസിം പെരിയാർ നിഷ്പ്രയാസം നീന്തിക്കടന്നു.
കോഴിക്കോട് വെളിമണ്ണ മുഹമ്മദ് സഈദ് യമാനിയുടെ മകനായ ഈ 15കാരന് ഇടതുകാലിനെക്കാൾ വലതുകാലിന് എട്ടിഞ്ച് നീളക്കുറവുണ്ട്. നട്ടെല്ലിന് വളവും ഒരു ചെവിക്ക് കേൾവിക്കുറവുമുള്ള ആസിം, പക്ഷേ പൂർണ ആരോഗ്യവാന്മാർപോലും നീന്താൻ ഭയക്കുന്ന പെരിയാറിനെ കീഴടക്കി. പിന്തുണയുമായി സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി ആളുകൾ ഇരുകരയിലുമായി നിലയുറപ്പിച്ചു.
ആലുവ അദ്വൈതാശ്രമം കടവിൽനിന്ന് അൻവർ സാദത്ത് എം.എൽ.എ വ്യാഴാഴ്ച രാവിലെ 8.50ന് നീന്തൽ ഫ്ലാഗ്ഓഫ് ചെയ്തു. വീതി കൂടിയ ഭാഗത്തുകൂടെ നീന്തിത്തുടങ്ങിയപ്പോൾ കാണികളും സുരക്ഷ ചുമതലയുണ്ടായിരുന്നവരും ആശങ്കയിലായി. മനക്കരുത്തുകൊണ്ട് പെരിയാറിനെ കീഴടക്കി ആസിം മറുകരയിലെത്തിയപ്പോഴാണ് കണ്ടുനിന്നവർക്ക് ശ്വാസം നേരെ വീണത്. പെരിയാറിന്റെ ഏറ്റവും വീതി കൂടിയതും 30 അടിയിലേറെ താഴ്ചയുമുള്ള ഭാഗമായ അദ്വൈതാശ്രമം കടവിൽനിന്ന് ആലുവ മണപ്പുറം വരെയാണ് ഒരു മണിക്കൂർകൊണ്ട് നീന്തിക്കടന്നത്. ആശ്രമം കടവിൽനിന്ന് ആരംഭിച്ച്, റെയിൽവേ പാലത്തിന്റെ തൂണുകൾ ചുറ്റി പുഴ കുറുകെ നീന്തി മണപ്പുറത്ത് 9.51നാണ് എത്തിയത്. ഒരു മണിക്കൂറും ഒരു മിനിറ്റുംകൊണ്ട് ഒരു കിലോമീറ്ററോളം നീന്തി.
മണപ്പുറം കടവിൽ നീന്തിക്കയറിയ ആസിമിനെയും പരിശീലകൻ സജി വാളാശ്ശേരിയെയും സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്. സതീഷും നഗരസഭ ചെയർമാൻ എം.ഒ. ജോണും ചേർന്ന് മാലയിട്ട് സ്വീകരിച്ചു. മണപ്പുറം ദേശം കടവിൽ രാവിലെയും വൈകീട്ടും രണ്ടു മണിക്കൂർ വീതം രണ്ടാഴ്ചത്തെ കഠിന പരിശീലനത്തിനൊടുവിലാണ് ആസിം സാഹസിക നീന്തലിന് തയാറെടുത്തത്.
അവസാന നാല് ദിവസങ്ങളിൽ ഒരു കി.മീ. വരെ നീന്തി പരിശീലിച്ചു. ഈ വർഷത്തെ കുട്ടികളുടെ നൊബേൽ പുരസ്കാരത്തിലെ മൂന്നാം സ്ഥാനം നേടിയതിലൂടെ ആസിം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനാണ്. തന്റെ സ്കൂൾ തുടർ പഠനത്തിന് നാട്ടിൽതന്നെ ഹൈസ്കൂളിനായി നിയമ പോരാട്ടത്തിലൂടെ ഹൈകോടതി ഉത്തരവ് നേടിയ ആസിം വെളിമ്മണ്ണയെക്കുറിച്ച പത്രവാർത്ത ശ്രദ്ധയിൽപെട്ട സജി ആസിമിനെ സൗജന്യമായാണ് നീന്തൽ പഠിപ്പിച്ചത്. കോഴിക്കോട് ആലിംതറ റബ്ബാനിയ ഖുർആൻ ഹിഫ്ള് കോളജിലെ അധ്യാപകനായ പിതാവ് രണ്ടുമാസത്തേക്ക് അവധിയെടുത്താണ് ആസിമുമായി ആലുവയിൽ എത്തിയത്.
ഓൺലൈൻ പഠനത്തിനും നമസ്കാരത്തിനും ഭക്ഷണത്തിനും ഉൾപ്പെടെ എല്ലാ സൗകര്യവും ഇരുവർക്കും ക്രിസ്ത്യാനിയായ സജി തന്റെ വീട്ടിൽ ഒരുക്കി നൽകുകയായിരുന്നു. ജംസീനയാണ് ആസിമിന്റെ മാതാവ്. മുഹമ്മദ് ബിശ്റ്, മുഹമ്മദ് ഗസാലി, അഹ്മദ് മുർസി, ഹംന ലുബാബ, സൗദ, ഫാത്തിമതുൽ ബതൂൽ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.