ജി. സുധാകരന്‍റെ മനസ്സ് പകുതി ബി.ജെ.പിക്കാരന്റേത്, സി.പി.എം രാജ്യദ്രോഹികളുമായി ചേർന്ന് ആദർശം കുഴിച്ചുമൂടുന്നു -ബി. ഗോപാലകൃഷ്ണന്‍
text_fieldsതൃശ്ശൂര്‍: സുധാകരന്‍റെ മനസ്സ് പകുതി ബി.ജെ.പിക്കാരന്റേത് കൂടിയാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തിൽ ആണെന്ന ഞങ്ങളുടെ വാദം സുധാകരൻ അംഗീകരിക്കുന്നുണ്ടെന്നും സുധാകരന് ഒരിക്കലും കോൺഗ്രസിലേക്ക് പോകാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേർന്ന് ജി. സുധാകരനെ വീട്ടിൽ പോയി കണ്ടിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
‘തീവ്രവാദികൾ സി.പി.എമ്മിൽ നുഴഞ്ഞുകയറി എന്ന കാര്യത്തിൽ ബി.ജെ.പിയുടെ പകുതി മനസ്സ് സുധാകരനും ഉണ്ട്. വിശിഷ്ട വ്യക്തിത്വങ്ങളെ കണ്ട് ആദരിക്കണം എന്ന നരേന്ദ്രമോദിയുടെ ആഹ്വാനത്തിന്‍റെ ഭാഗമായാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയത്. ജി സുധാകരൻ കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്. സത്യസന്ധനായ കമ്മ്യൂണിസ്റ്റും പൊതുപ്രവർത്തകനുമാണ് ജി. സുധാകരൻ. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം ജി. സുധാകരന് സമ്മാനിച്ചു. സി.പി.എം രാജ്യദ്രോഹികളുമായി കൈകോർത്ത് ആദർശം കുഴിച്ചുമൂടുന്ന സമയമാണിത്. ആലപ്പുഴയിൽ ഭീകരവാദ പ്രസ്ഥാനത്തിന്‍റെ നേതാക്കൾ സി.പി.എമ്മിനുള്ളിൽ നുഴഞ്ഞുകയറി സി.പി.എമ്മിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയിൽ ഇക്കാര്യവും ഞങ്ങൾ സംസാരിച്ചു. എല്ലാം ജി. സുധാകരൻ മൗനമായി കേട്ടു’ -ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, സുധാകരനെ പുകഴ്ത്തി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തെത്തി. മന്ത്രിമാരില്‍ താന്‍ വിമര്‍ശിക്കാത്ത ഒരാളായിരുന്നു സുധാകരനെന്നും അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ നീതിപൂര്‍വ്വമായിട്ടാണ് പെരുമാറിയതെന്നും സതീശൻ പറഞ്ഞു. ‘ഒരുകാലത്തും അദ്ദേഹത്തെ പോലെ നീതിപൂര്‍വ്വമായി പൊതുമരാമത്ത് മന്ത്രിമാര്‍ പെരുമാറിയിട്ടില്ല. അദ്ദേഹത്തോട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രത്യേക ആദരവും സ്‌നേഹവും ബഹുമാനവുമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ അസ്തിത്വത്തേയോ പാര്‍ട്ടിയോടുള്ള കൂറിനേയോ ചോദ്യംചെയ്യില്ല. സുധാകരനുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമായ സന്ദര്‍ശനമാണ്. വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് രണ്ടുപേരും പറഞ്ഞു. കെ.സി. വേണുഗോപാലിനും ജി. സുധാകരനും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ട്. അതിനപ്പുറത്തേക്കൊന്നും അതില്‍ പോകേണ്ട’ -വി.ഡി. സതീശന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.