ഇയർ ബാക്ക് കുരുക്കിൽ ബി.ഫാം വിദ്യാർഥികൾ
text_fieldsതൃശൂർ: കോവിഡും ഓൺലൈൻ ക്ലാസുകളും മറ്റുമായി ഒന്നരവർഷത്തോളം പിറകിലായ സംസ്ഥാനത്തെ 2018-19 ബാച്ചിലെ ബി.ഫാം വിദ്യാർഥികൾ കേരള ആരോഗ്യ സർവകലാശാലയുടെ ഇയർ ബാക്ക് കുരുക്കിൽ. വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്നവർ നിശ്ചിത കാലാവധിക്കുശേഷം തിരിച്ചടക്കണമെന്നിരിക്കെ കോഴ്സ് പോലും പൂർത്തിയാക്കാനാകില്ലെന്ന പ്രതിസന്ധിയിലാണ് വിദ്യാർഥികൾ. രണ്ടാഴ്ചയിലധികമായി കോളജിന് മുന്നിൽ സമരം നടത്തുന്ന 55 വിദ്യാർഥികൾക്കെതിരെ കാമ്പസിൽ കയറിയെന്ന് പറഞ്ഞ് കേസെടുത്തു.
800ഓളം വിദ്യാർഥികൾ ഇപ്പോൾ പുറത്താണ്. ആരോഗ്യ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാർക്ക് നിവേദനം നൽകിയിട്ടും ഫലമില്ലാതിരിക്കുകയും വൈസ് ചാൻസലർ കൂടിക്കാഴ്ചക്ക് പോലും തയാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമരം ശക്തിപ്പെടുത്തുമെന്ന് വിദ്യാർഥി പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2017ൽ സെമസ്റ്റർ സമ്പ്രദായത്തിലേക്ക് മാറ്റിയതിനൊപ്പമാണ് ബി.ഫാമിന് ഇയർ ബാക്ക് ഏർപ്പെടുത്തിയത്. ഒന്നും രണ്ടും സെമസ്റ്റർ കടന്നവർക്ക് മാത്രമേ അഞ്ചാം സെമസ്റ്ററിന് പഠിക്കാനാവൂ. നാലുവരെയുള്ള എല്ലാ സെമസ്റ്ററും പാസായാലേ ഏഴാം സെമസ്റ്ററിൽ പ്രവേശിക്കാനാവൂ. ഒരു വിഷയത്തിന് അര മാർക്കെങ്കിലും കുറഞ്ഞാൽ ഒരു വർഷ ക്ലാസിൽ പ്രവേശിക്കാനാവില്ല എന്നതാണ് ഇയർ ബാക്കിന്‍റെ പ്രശ്നം. ഒരു സെമസ്റ്റർ പരീക്ഷ കഴിയുന്നതിന്‍റെ തൊട്ടടുത്ത ദിവസം അടുത്ത സെമസ്റ്റർ പരീക്ഷ നടത്തുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്.
ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് ഇയർ ബാക്ക് കുറച്ച് കാലത്തേക്ക് മരവിപ്പിക്കുകയും ക്ലാസുകളിൽ ഹാജരാകാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ, പരീക്ഷ എഴുതാൻ അനുവദിച്ചില്ല. തിങ്കളാഴ്ച വൈകീട്ട് തൃശൂർ നഗരത്തിൽ സമരം നടത്തുമെന്നും നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്നും അബിൻഷാ ഷാജു, എസ്. നൗഫൽ അലി, റലേഷ് ചന്ദ്രൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.