ശബരിമല: സുപ്രീംകോടതി വിധിക്ക് ബി.ജെ.പി എതിരല്ല -ബിഎസ് യദ്യൂരപ്പ
text_fieldsകാസര്‍കോട്: എന്‍.ഡി.എ ശബരിമല സംരക്ഷണ രഥയാത്രക്ക് കാസര്‍കോട്ട് തുടക്കം. കാസര്‍കോട് മധൂര്‍ മദനേന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിനു സമീപം കര്‍ണാടക പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് യദ്യൂരപ്പ രഥയാത്ര ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് രഥയാത്ര നയിക്കുന്നത്. ജാഥാ ലീഡര്‍മാര്‍ക്ക് രഥയാത്രയുടെ ധര്‍മദണ്ഡ് കൈമാറിയാണ് യദ്യൂരപ്പ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ശബരിമല യുവതി പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ബി.ജെ.പി എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, വിശ്വാസിയുടെ വികാരം മാനിക്കണം. വിശ്വാസവും വികാരവും സംരക്ഷിക്കാൻ കേരള ജനത ധര്‍മയുദ്ധത്തിലാണെന്നും രഥയാത്ര പിണറായി ഭരണത്തിന്‍റെ അന്ത്യം കുറിക്കുമെന്നും യദ്യൂരപ്പ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കേരള ജനത ഒന്നടങ്കം ധര്‍മ യുദ്ധത്തിന്‍റെ പാതയിലാണ്. ഭാരതമൊട്ടാകെ ദീപാവലി ആഘോഷിക്കുമ്പോള്‍ കേരള ജനത സമരപാതയിലാണ്. ആചാരം സംരക്ഷിക്കാന്‍ വേണ്ടിയുള്ള ധര്‍മസമരത്തിലാണ് ജനങ്ങള്‍. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്ത നിലപാട് വേദനാജനകമാണ്. ഇടതുപക്ഷവും വലതുപക്ഷവും കേരളത്തിലെ ആചാരങ്ങളെ അട്ടിമറിക്കുകയാണ്. ആചാരം ലംഘിക്കാനുള്ള തീരുമാനം എടുക്കുന്നതിനു മുമ്പ് സാവകാശം കാട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നു. ഹൈന്ദവ ജനതയുടെ ആചാരത്തെ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രം വെച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു. എ.എന്‍ രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.കെ കൃഷ്ണദാസ്, സ്വാമി പരിപൂര്‍ണാനന്ദ, തുഷാര്‍ വെള്ളാപ്പള്ളി, അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.ഡി.എ നേതാക്കളായ നളീന്‍ കുമാര്‍ കട്ടീല്‍, സുഭാഷ് വാസു, രാജന്‍ കുന്നത്ത്, കുരുവിള മാത്യു, എം. മെഹ്ബൂബ്, വി.വി രാജേന്ദ്രന്‍, കെ.കെ പൊന്നപ്പന്‍, വി. ഗോപകുമാര്‍, പത്മകുമാര്‍, സന്തോഷ് അരയാകണ്ടി, സംഗീത മോഹന്‍, സി.കെ പത്മനാഭന്‍, കെ. സുരേന്ദ്രന്‍, എം.ടി രമേശ്, ശോഭ സുരേന്ദ്രന്‍, കര്‍ണാടക എം.എല്‍.എമാരായ സഞ്ജീവ മട്ടന്തൂര്‍, ഡോ. ഭാരത് ഷെട്ടി, ഡി. വേദവ്യാസ കാമത്ത്, സുനില്‍ ഷെട്ടി, രാജേഷ് നായക്, ഉമനാഥ എ. കൊട്ട്യാന്‍, കോട്ട ശ്രീനിവാസ പൂജാരി തുടങ്ങിയവര്‍ സംബന്ധിച്ചു. ബി.ഡി.ജെ.എസ് ജില്ലാ കണ്‍വീനര്‍ ഗണേശ് പാറക്കട്ട നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.