ഭരണകൂടത്തിെൻറ നിർദേശം; ലക്ഷദ്വീപിലെ ബി.എ അറബിക്, പി.ജി കോഴ്സുകൾ നിർത്തും
text_fieldsകോഴിക്കോട്: ലക്ഷദ്വീപിലെ മൂന്നു കേന്ദ്രങ്ങളിൽ കാലിക്കറ്റ് സർവകലാശാല നടത്തുന്ന പി.ജി കോഴ്സുകളും ബി.എ അറബിക്കും നിർത്തലാക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനം. പഠനനിലവാരമില്ലെന്ന കാരണം പറഞ്ഞാണ് ലക്ഷദ്വീപ് ഭരണകൂടം കോഴ്സുകൾ നിർത്താൻ ആവശ്യപ്പെട്ടത്. പി.ജി കോഴ്സുകളാണ് നിർത്തലാക്കുന്നതെങ്കിലും ബിരുദ കോഴ്സായ ബി.എ അറബിക്കും നടത്തരുതെന്നാണ് ഭരണകൂടത്തിെൻറ നിർദേശം. മറ്റു ബിരുദ കോഴ്സുകൾ തുടരും. എം.എ അറബിക്, ഇംഗ്ലീഷ്, പൊളിറ്റിക്സ്, എം.എസ്സി അക്വാകൾചർ, എം.എസ്സി മാത്സ് എന്നീ പി.ജി കോഴ്സുകളാണ് നിർത്തുന്നത്. കവറത്തി, ആേന്ത്രാത്ത്, കടമത്ത് എന്നീ ദ്വീപുകളിലാണ് സർവകലാശാലയുടെ കേന്ദ്രങ്ങളുള്ളത്. കാലിക്കറ്റിെൻറ ഭരണപരിധിയിലാണ് ലക്ഷദ്വീപ്. വിദ്യാർഥികൾ നേരിട്ട് കേരളത്തിലെത്തി പഠിക്കട്ടെയെന്നാണ് ഭരണകൂടത്തിെൻറ നിലപാട്.
യുനെസ്കോ ചെയറിെൻറ ഭാഗമായ പരമ്പരാഗത കോഴ്സുകളായതിനാൽ അറബിക് കോഴ്സ് നിലനിർത്താൻ സർവകലാശാല ലക്ഷദ്വീപ് ഭരണകൂടത്തോട് ആവശ്യപ്പെടും. കവറത്തിയിലെ ടീച്ചർ എജുക്കേഷൻ സെൻറർ മറ്റൊരു ദ്വീപിലേക്ക് മാറ്റാനും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി സിൻഡിക്കേറ്റ് സമിതി സന്ദർശനം നടത്തും.
പ്രത്യേക സപ്ലിമെൻററി പരീക്ഷക്ക് കാത്തിരിക്കാതെ 2009നു ശേഷമുള്ള സെമസ്റ്റര്‍ സമ്പ്രദായത്തിലെ പരീക്ഷകള്‍ വിജ്ഞാപനം വരുേമ്പാൾ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. 1995 മുതൽ രജിസ്റ്റർ ചെയ്തവർക്ക് പ്രേത്യക സപ്ലിമെൻററി പരീക്ഷക്ക് തീരുമാനമായിരുന്നെങ്കിലും നടപ്പായിരുന്നില്ല. 2009നുശേഷമുള്ളവർക്ക് തോറ്റ പേപ്പറ്റുകൾ എഴുതിയെടുക്കാൻ ഇനി അവസരമുണ്ടാകും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായിരുന്നു.
മറ്റ് പ്രധാന തീരുമാനങ്ങൾ
- കൂട്ടത്തോൽവിയും മൂല്യനിർണയവും സംബന്ധിച്ച പരാതികൾ തീർപ്പാക്കാൻ 'ചലഞ്ച്ഡ് വാല്വേഷൻ' പദ്ധതി തുടങ്ങും. പുനർമൂല്യനിർണയത്തിൽ നിലവിലുള്ളതിലും കൂടുതൽ മാർക്ക് കിട്ടിയില്ലെങ്കിൽ മൂന്നിരട്ടി ഫീസ് ഈടാക്കും. കൂടുതൽ മാർക്കുണ്ടെങ്കിൽ സാധാരണ ഫീസ് മാത്രം.
- പരീക്ഷാ കണ്ട്രോളര്, ഫിനാന്‍സ് ഓഫിസര്‍ നിയമനങ്ങള്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. നിലവിലെ പരീക്ഷകൺട്രോളർക്ക് കോളജിയറ്റ് ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം കിട്ടിയതിനാലാണ് പുതിയ വിജ്ഞാപനം.
- എം.എസ്സി െഡവലപ്മെൻറൽ സ്റ്റഡീസ്, ബയോസയൻസ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ പി.ജി ഇൻറർഗ്രേറ്റഡ് കോഴ്സ് തുടങ്ങും.
- തൃശൂര്‍, വയനാട്, പേരാമ്പ്ര, പാലക്കാട് എന്നിവിടങ്ങളിലെ സി.സി.എസ്.ഐടികളില്‍ ബി.എസ്സി ഐ.ടി. കോഴ്സ് തുടങ്ങും.
- അംബേദ്കർ ചെയർ സ്ഥാപിക്കുന്നത് പഠിക്കാൻ കമ്മിറ്റിയുണ്ടാക്കും. നാക് അക്രഡിറ്റേഷൻ വിവരങ്ങൾ പുതുക്കി നൽകാൻ കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് സോഫ്റ്റ്വെയർ വാങ്ങും.
- സ്കൗട്ട്, ഗൈഡ്സ്, റേഞ്ചര്‍, റോവര്‍ എന്നിവയില്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് ഇത്തവണ ബിരുദപ്രവേശനത്തിന് 15 മാര്‍ക്ക് ഗ്രേസ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കാലിക്കറ്റിലും നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.