ഭക്തരിൽ വിസ്മയം തീർത്ത് 'ബബിയ' ക്ഷേത്രനടയിൽ
text_fieldsകുമ്പള: അനന്തപുരം ക്ഷേത്രക്കുളത്തിലെ മുതലയായ 'ബബിയ' കഴിഞ്ഞ ദിവസം ക്ഷേത്രനടയിലെത്തിയത് വിസ്മയമായി. അമ്പലത്തിന് ചുറ്റുമുള്ള തടാകത്തില്‍ നിന്നാണ് ചൊവ്വാഴ്ച സന്ധ്യയോടെ ബബിയ ക്ഷേത്ര ശ്രീകോവിലിനടുത്തെത്തിയത്.
ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രങ്ങള്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കുവെച്ചത്. കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം. തിരുവനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിെൻറ മൂലസ്ഥാനമായാണ് അനന്തപുരം ക്ഷേത്രം കരുതപ്പെടുന്നത്.
ഏകദേശം 73 വയസ്സുള്ള 'ബബിയ' ക്ഷേത്രത്തിന് തെക്കുവശത്ത് നൂറു മീറ്റർ അകലെയുള്ള കുളത്തിലാണ് പകൽ സമയത്ത് മിക്ക ദിവസങ്ങളിലും ഉണ്ടാകാറ്. മാംസാഹാരം കഴിക്കാത്ത മുതല എന്ന പ്രത്യേകതയും ബബിയക്കുണ്ട്. സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് പട്ടാളക്കാര്‍ ക്ഷേത്രം നശിപ്പിച്ച കൂട്ടത്തില്‍ ക്ഷേത്രത്തിലുണ്ടായിരുന്ന മുതലയെയും കൊല്ലാന്‍ തീരുമാനിച്ചിരുന്നുവത്രെ. ഒരു ദിവസം വെയില്‍ കായാന്‍ കിടന്ന മുതലയെ തടാകത്തിെൻറ കിഴക്കുവശത്തുള്ള ആലിൻചുവട്ടില്‍വെച്ച് ഒരു പട്ടാളക്കാരന്‍ വെടിെവച്ചുകൊന്നുവെന്നും തത്സമയം ആൽമരത്തിൽ നിന്ന് ഒരു വിഷജന്തു ഇറങ്ങിവന്ന് പട്ടാളക്കാരനെ കടിച്ചുകൊന്നുവെന്നുമാണ് ഐതിഹ്യം.
പിറ്റേദിവസം തടാകത്തില്‍ വീണ്ടും ഒരു മുതല പ്രത്യക്ഷപ്പെട്ടുവത്രെ. ആ മുതലയാണ് ബബിയയെന്നും ഭക്തജനങ്ങൾ വിശ്വസിക്കുന്നു. മുതലക്ക് നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്.
കുളത്തില്‍ നിന്നും പൊങ്ങിവന്ന് ഭക്ഷണം കഴിക്കുന്ന ബബിയ വിശ്വാസികൾക്ക് പ്രിയങ്കരനാണ്. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മത്സ്യങ്ങളെയും ബബിയ ഉപദ്രവിക്കാറില്ലെന്ന് ക്ഷേത്ര ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.