ആദ്യം ഇരുന്ന സ്ഥലത്തുനിന്നും ബാബു വീണ്ടും താഴേക്ക് വീണു; തുണയായത് പാറ പോലെ ഉറച്ച ആത്മധൈര്യം
text_fieldsപാലക്കാട്: മലമ്പുഴ ചെറാട് മലയിലെ ചെങ്കുത്തായ പാറക്കെട്ടിൽ കുടുങ്ങിയ ബാബുവിനരികിലേക്ക് കരസേന സംഘം ഇന്നലെ രക്ഷാപ്രവർത്തനത്തിനായി എത്തുമ്പോൾ നേരത്തെ കണ്ടതിലും അൽപ്പം താഴെയായിട്ടായിരുന്നു ബാബു ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാറയുടെ ഗുഹാസമാനമായ ഒരു ദ്വാരത്തിലാണ് ബാബു ഇരുന്നതായി കണ്ടതെങ്കിൽ, ഇന്നലെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുമ്പോൾ അതിലും അൽപ്പം താഴെ ഒരു പാറയിടുക്കിലായിരുന്നു ബാബുവിന്‍റെ സ്ഥാനം.
ചൊവ്വാഴ്ച രാത്രിയിൽ ബാബു ഇരുന്നയിടത്തുനിന്ന് വീണ്ടും താഴേക്ക് വീണതായാണ് വിവരം. എന്നാൽ, ഇത്തവണയും ഭാഗ്യം തുണച്ചു. ഒപ്പം, പാറപോലെ ഉറച്ച ആത്മധൈര്യം കൂടിയായതോടെ ബാബുവിന് പാറയിടുക്കിൽ നിലയുറപ്പിക്കാൻ സാധിക്കുകയായിരുന്നു. വീഴ്ചക്കിടെ പത്തടി താഴെയുള്ള പാറയിടുക്കിൽ കാൽ കുടുങ്ങിയതാണ് ഭാഗ്യമായത്.
നേരത്തെ, പാറയിൽ ഇരിക്കുന്ന ബാബുവിന്‍റെ ദൃശ്യങ്ങളാണ് കണ്ടിരുന്നതെങ്കിൽ, രക്ഷാപ്രവർത്തനത്തിന്‍റെ അവസാന ഘട്ടങ്ങളിൽ കഷ്ടിച്ച് നിൽക്കാൻ മാത്രം പറ്റുന്ന പാറയിടുക്കിലായിരുന്നു ബാബു.
ലഫ്. കേണൽ ഹേമന്ദ്‌രാജിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെയോടെ ബാബുവിനെ രക്ഷിച്ചത്. ചുട്ടുപൊള്ളുന്ന പകലിനെയും തണുത്തുറയുന്ന രാത്രിയെയും അതിജീവിച്ച് നീണ്ട 46 മണിക്കൂറുകളാണ് ബാബു പാറക്കെട്ടിൽ നിലയുറപ്പിച്ചത്. കയറുകെട്ടി ബാബുവിനടുത്തെത്തിയ ദൗത്യ സംഘത്തിലെ സൈനികൻ ബാബുവിന് ആദ്യം വെള്ളം നല്‍കി. ശേഷം കയർ ഉപയോഗിച്ച് സൈനികൻ ബാബുവിനെ മുകളിലേക്ക് ഉയർത്തുകയായിരുന്നു. പിന്നീട് എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ള ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചിരുന്നു. ബാബുവിനെയും ഉമ്മയെയും നേരിൽ കണ്ടതായി എ. പ്രഭാകരൻ എം.എൽ.എ പറഞ്ഞു. ഡോക്ടറുമായി സംസാരിച്ചതായും ഇന്ന് ആശുപത്രി വിടുമെന്നും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ബാബുവിനില്ലെന്നും എം.എൽ.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.