Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 11:58 PM IST Updated On
date_range 9 Feb 2022 11:58 PM ISTബാബുവിനെ കാത്ത് നാട് മുൾമുനയിലായ 46 മണിക്കൂർ: കൂമ്പാച്ചിമലയിൽ നടന്നത്
text_fieldsbookmark_border
പാലക്കാട്: മരണത്തെ മുഖാമുഖം കണ്ട് മലയിടുക്കിൽ 46 മണിക്കൂർ കഴിച്ചുകൂട്ടിയ മലമ്പുഴ സ്വദേശി ബാബു ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകയറി. സൈന്യത്തിന്റെ കരുതലിലായിരുന്നു രണ്ടാം ജന്മം. കേരളത്തെ മുൾമുനയിൽ നിർത്തിയ ആ 46 മണിക്കൂറിൽ സംഭവിച്ചതിതാണ്:
- തിങ്കൾ രാവിലെ 10.30 -മലമ്പുഴ ചെറാട് സ്വദേശിയായ ബാബുവും രണ്ട് സുഹൃത്തുക്കളും കൂമ്പാച്ചിമലയിലേക്ക് ട്രക്കിങ്ങിന് പോകുന്നു.
- 12.30- തിരിച്ചിറങ്ങുന്നതിനിടെ വഴിതെറ്റിയ ബാബു, മലയുടെ എലിച്ചിലം ഭാഗത്ത് പാറയുടെ പൊത്തിൽ കുടുങ്ങുന്നു. കാൽമുട്ടിലും തള്ളവിരലിലും പരിക്ക്.
- ഉച്ചക്ക് 1.00 -ബാബു വീട്ടുകാരെയും നാട്ടുകാരുടെയും ഫോണിൽ വിളിക്കുന്നു. അഗ്നിരക്ഷ സേനയുടെ സഹായം തേടുന്നു. ഫോണിൽ എടുത്ത ചിത്രം അയച്ചുകൊടുക്കുന്നു.
- വൈകീട്ട് 3.30 -അഗ്നിരക്ഷ സേനാംഗങ്ങളും വനപാലകരും നാട്ടുകാരുമടക്കം ഒരു സംഘം കൂമ്പാച്ചിമലയിലേക്ക്.
- വൈകീട്ട് 5.00 -മലയുടെ ഒരു വശത്തുനിന്ന് ഒരു കിലേമീറ്ററോളം അകലെ ഇരിക്കുന്ന ബാബുവിനെ കാണുന്നു. ബഹളം വെക്കുക്കയും ഷർട്ട് ഊരി കാണിക്കുകയും ചെയ്യുന്നു. രക്ഷാസംഘത്തിന് മലയിടുക്കിലേക്ക് എത്താനായില്ല.
- വൈകീട്ട് 6.30 -സിവിൽ ഡിഫൻസ് വളന്റിയർമാർ ഉൾപ്പെടെ മറ്റൊരു സംഘം കൂടി മലയിലേക്ക്. ഇവർ മലയിൽ ക്യാമ്പ് ചെയ്തു. ബാബു കുടുങ്ങിയ സ്ഥലത്തേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
- ചൊവ്വ രാവിലെ 6.30-ഐ.ആർ.ഡബ്ല്യു സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും മലയിലേക്ക്. ഇവർക്കും അടുത്തെത്താനായില്ല.
- രാവിലെ 10.00 -കൈവശമുള്ള ഉപകരണങ്ങൾ വെച്ച് രക്ഷാദൗത്യം അസാധ്യമെന്ന് അഗ്നിരക്ഷ സേന. കലക്ടർ സംസ്ഥാന സർക്കാറിനെ വിവരം അറിയിച്ചു. എൻ.ഡി.ആർ.എഫിന്റെ സഹായം തേടി.
- വൈകീട്ട് 3.00-കൊച്ചിയിൽനിന്ന് കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ എത്തിയെങ്കിലും കാലാവസ്ഥയും സുരക്ഷ പ്രശ്നങ്ങളും കാരണം മടങ്ങി.
- വൈകീട്ട് 3.30 -രണ്ട് എൻ.ഡി.ആർ.എഫ് സംഘങ്ങൾ മലയിലേക്ക്. ബാബു വെള്ളം ചോദിച്ച് നിലവിളിക്കുന്നു.
- വൈകീട്ട് 4.00-രക്ഷപ്രവർത്തനത്തിന് മുഖ്യമന്ത്രി സൈന്യത്തിന്റെ സഹായം അഭ്യർഥിച്ചു
- വൈകീട്ട് 4.30 -ഡ്രോൺ ഉപയോഗിച്ച് ബാബുവിന് വെള്ളവും ലഘുഭക്ഷണവും എത്തിക്കാനുള്ള ജില്ല ഭരണകൂടത്തിന്റെ ശ്രമം പരാജയപ്പെട്ടു.
- രാത്രി 9.00 -എൻ.ഡി.ആർ.എഫ് ദൗത്യവും വിജയിച്ചില്ല.
- രാത്രി 12.00 -ബംഗളൂരു, ഊട്ടി എന്നിവിടങ്ങളിൽനിന്ന് എത്തിയ കരസേനയുടെ 30 പേരടങ്ങുന്ന രണ്ട് സംഘങ്ങൾ മലമ്പുഴയിലെത്തി. ഒരു സംഘം രാത്രി തന്നെ മലയിലെത്തി. ബാബുവിന്റെ പേര് വിളിച്ച് ധൈര്യംപകർന്നു.
- ബുധൻ പുലർച്ച 5.00- സൈനികർ രണ്ട് സംഘങ്ങളായി മലകയറ്റം തുടങ്ങി. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പൊലീസ്, വനം വകുപ്പ്, സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ളവരും സൈന്യത്തോടൊപ്പം.
- രാവിലെ 7.00- രക്ഷാദൗത്യത്തിന് ഒരുക്കം. ഡ്രോൺ ഉപയോഗിച്ച് ബാബു ഇരിക്കുന്ന സ്ഥലം കണ്ടെത്തുന്നു. ഇറങ്ങേണ്ടതും കയറേണ്ടതുമായ റൂട്ട് നിർണയിക്കുന്നു.
- രാവിലെ 8.00 -കമാൻഡോകളെ ബാബുവിന് അരികിലേക്ക് ഇറക്കാനായി മലയുടെ നെറുകയിൽ കയറുകളും മറ്റ് ഉപകരണങ്ങളും സജ്ജമാക്കുന്നു.
- രാവിലെ 9.30- പർവതാരോഹണത്തിൽ പ്രാവീണ്യം നേടിയ ബാല എന്ന സൈനികൻ റോപ്പിൽ പിടിച്ച് ബാബുവിനരികിലേക്ക്. പത്ത് മിനിറ്റിനകം മലയിടുക്കിൽ. വെള്ളം നൽകുന്നു. മറ്റൊരു സൈനികൻ കൂടി ഇറങ്ങുന്നു.
- രാവിലെ 9.50 -ബാല ബാബുവിന്റെ ശരീരത്തിൽ സുരക്ഷ ബെൽറ്റിട്ട് മുറുക്കി തിരിച്ചുകയറുന്നു. മുകളിലുള്ള ദൗത്യസംഘം കയർ വലിച്ച് മുകളിലേക്ക് കയറാൻ സഹായിക്കുന്നു.
- രാവിലെ 10.10-ദൗത്യം പൂർത്തിയാകുന്നു. ബാബുവിനെ മുകളിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകുന്നു. ബാബുവും ദൗത്യസംഘവും സന്തോഷം പങ്കിടുന്നു. ബാബു സൈന്യത്തിന് നന്ദി അറിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story