കോട്ടയം മെഡിക്കൽ കോളജിൽനിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവം: നിർണായകമായത് ടാക്‌സി ഡ്രൈവറുടെ ഇടപെടൽ
text_fieldsഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ മറ്റാരും ഇല്ലെന്നാണ് പ്രാഥമിക ചോദ്യംചെയ്യലിൽ മനസ്സിലായതെന്ന് പൊലീസ്. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. അതിനുശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ.
കുഞ്ഞിനെ തട്ടിയെടുത്തശേഷം നീതു താമസിച്ചിരുന്ന ഹോട്ടലിലെത്തി ഹോട്ടൽ മാനേജറോട് കുട്ടിയുമായി എറണാകുളത്തേക്ക് പോകാൻ ടാക്സി ആവശ്യപ്പെട്ടു. ഇതിനിടെയാണ് ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ മാനേജർക്ക് വിവരം കൈമാറുന്നത്. സംശയം തോന്നിയ മാനേജർ പൊലീസിനെ അറിയിക്കുകയായിരുന്നു.
നാലിനാണ് ഇവർ ആറുവയസ്സുകാരനുമായി എത്തി ഹോട്ടലിൽ മുറിയെടുത്തത്. കഴിഞ്ഞയാഴ്ച ഡെന്‍റൽ കോളജിൽ എത്തിയതും നീതുവായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടർ എന്ന വ്യാജേനയാണ് ഇവിടെ എത്തിയത്. എന്നാൽ, ആശുപത്രി ജീവനക്കാർക്ക് സംശയം തോന്നിയതിനെത്തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയും താക്കീത് നൽകി വിട്ടയക്കുകയുമായിരുന്നു.
തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെക്കിട്ടാൻ സഹായകമായത് ഗാന്ധിനഗര്‍ ടാക്‌സി സ്റ്റാൻഡിലെ ഡ്രൈവര്‍ അലക്‌സ് സെബാസ്റ്റ്യന്‍റെ നിർണായക ഇടപെടലാണ്. മെഡി. കോളജിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി വൈകീട്ട് നാലോടെ ആശുപത്രിയിയില്‍നിന്ന് ബൈക്കിലെത്തിയ യുവാക്കൾ ടാക്സി സ്റ്റാൻഡിൽ അറിയിച്ചിരുന്നു.
യുവതിക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. അല്‍പസമയത്തിനകമാണ് സമീപത്തെ ഹോട്ടലില്‍നിന്ന് ഓട്ടംപോകാൻ വിളിവന്നത്. അലക്‌സ് ഹോട്ടലിലെത്തിയപ്പോള്‍ പിഞ്ചുകുഞ്ഞുമായി കൊച്ചി അമൃത ആശുപത്രിയിലേക്കാണ് ഓട്ടമെന്ന് റിസപ്ഷനിലെ യുവതി അറിയിച്ചു.
സംശയം തോന്നി മാനേജര്‍ സാബുവിനോട് അലക്‌സ് കാര്യം പറഞ്ഞു. യുവതിക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയുംകൂടി ഉണ്ടെന്ന് ഉറപ്പാക്കിയതോടെ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പൊലീസിന് അഭിനന്ദനപ്രവാഹം
നവജാത ശിശുവിനെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച യുവതിയെ മിനിറ്റുകൾക്കകം പിടികൂടിയ ഗാന്ധിനഗർ പൊലീസിന് അഭിനന്ദന പ്രവാഹം. എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവമുണ്ടായ ഉടൻ പൊലീസ് ഓട്ടോ-ബസ് സ്റ്റാൻഡുകളിലും ഹോട്ടലുകളിലും വിവരം അറിയിച്ചതാണ് പ്രയോജനപ്പെട്ടത്. വിവരമറിഞ്ഞ് മന്ത്രി വി.എൻ. വാസവൻ, ജില്ല പൊലീസ് മേധാവി, ഡിവൈ.എസ്.പി സുരേഷ് കുമാർ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഗാന്ധിനഗർ സ്റ്റേഷനിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.