താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പെടുത്ത കുഞ്ഞിന് അണുബാധ
text_fieldsതൃക്കരിപ്പൂർ: താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് സ്വീകരിച്ച മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിന് അണുബാധ. തങ്കയത്തുള്ള തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലാണ് ഈ മാസം ആറിന് കുഞ്ഞിന് ഇടതുകാലിന്റെ തുടയിൽ ഡി.പി.ടി വാക്സിൻ നൽകിയത്. ആദ്യ രണ്ടുദിവസം കഴിഞ്ഞിട്ടും വേദന ശമിച്ചില്ല. കുത്തിവെച്ച ഭാഗത്ത് പിന്നീടുള്ള ദിവസങ്ങളിൽ ചുവപ്പുനിറവും കല്ലിപ്പും കണ്ടുതുടങ്ങി. ശിശുരോഗ വിദഗ്ധനെ സമീപിച്ചപ്പോഴാണ് കുത്തിവെപ്പ് എടുത്ത ഭാഗത്ത് അണുബാധയുണ്ടായതായി സ്ഥിരീകരിച്ചത്. പിന്നീട് വീണ്ടും താലൂക്കാശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ ഡോക്ടറെ കാണിച്ചുവെങ്കിലും മരുന്നുകൾ കുറിച്ചുനൽകി മടക്കുകയായിരുന്നു. കൂടുതൽ വിശദ പരിശോധനക്കോ ചികിത്സക്കോ തയാറായില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. പ്രശ്നം സംബന്ധിച്ച് താലൂക്കാശുപത്രി മെഡിക്കൽ ഓഫിസറെ മാതാവ് കണ്ടെങ്കിലും പരാതി സ്വീകരിക്കാൻ തയാറായില്ല. ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നാണ് പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതെന്നായിരുന്നു അവരുടെ മറുപടി. അതേസമയം, ആഴ്ചതോറും നൂറുകണക്കിന് കുഞ്ഞുങ്ങൾ താലൂക്കാശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ കുത്തിവെപ്പിന് താലൂക്കാശുപത്രിയിലെ സൗകര്യം ഉപയോഗപ്പെടുത്തുന്നു എന്നുമാത്രമാണ് വിശദീകരണം.
അടുത്തിടെ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത ബ്ലോക്കിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ ഹാളിലാണ് ഇപ്പോൾ പ്രതിരോധ കുത്തിവെപ്പുകൾ നടത്തുന്നത്. ഇവിടത്തെ ശുചിത്വക്കുറവ് പലപ്പോഴും പരാതിക്കിടയാക്കുന്നതാണ്. ചെറിയ കുഞ്ഞുങ്ങളുമായി അമ്മമാരും സഹായികളും ഏണിപ്പടി കയറിയാണ് മൂന്നാമത്തെ നിലയിൽ എത്തിച്ചേരുന്നത്. താലൂക്കാശുപത്രിയിൽ കുത്തിവെപ്പിന് പ്രത്യേകസൗകര്യമില്ല. പലപ്പോഴും കുത്തിവെപ്പ് സ്ഥലങ്ങൾ മാറ്റുന്നതും പ്രയാസമുണ്ടാക്കുന്നു. അധികൃതരുടെ യോഗങ്ങളിൽ വിഷയങ്ങൾ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. അതേസമയം, ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ ബുധനാഴ്ച കുഞ്ഞിന്റെ വീട്ടിലെത്തി വിവരങ്ങളാരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.