കൈക്കുഞ്ഞുമായി ബുൾഡോസറിന് മുന്നിൽ; അട്ടപ്പാടി ചീരക്കടവിലെ ഭൂമി കൈയേറ്റം ആദിവാസികൾ തടഞ്ഞു
text_fieldsകോഴിക്കോട്: അട്ടപ്പാടി ചീരക്കടവിലെ ഭൂമി കൈയേറ്റം ആദിവാസികൾ തടഞ്ഞു. ചീരക്കടവ് ഊരിലെ മണിയമ്മ കൈക്കുഞ്ഞുമായിട്ടാണ് ബുൾഡോസറിന് മുന്നിൽനിന്ന് കൈയേറ്റം തടഞ്ഞത്. പൊലീസ് സംരക്ഷണത്തിലാണ് ആദിവാസി ഭൂമി കൈയേറുന്നതിന് മാഫിയ സംഘം ശനിയാഴ്ച എത്തിയത്.
ഭവാനി പുഴയുടെ തീരത്തുള്ള കണ്ണായ ഭൂമി മൂന്നര ഏക്കർ ഗാത്തമൂപ്പന്റെ പേരിലായിരുന്നു. മൂപ്പനോ അദ്ദേഹത്തിന്റെ ബന്ധുക്കളോ ഭൂമി ആർക്കും വിലയാധാരം നൽകിയിട്ടില്ല. അതിനുള്ള രേഖകൾ ആർക്കും ഹാജരാക്കാൻ കഴിഞ്ഞില്ല. പാടവയൽ വില്ലേജിൽ 750/1 സർവേ നമ്പരിലാണ് ഗാത്തമൂപ്പന്റെ പേരിൽ ഭൂമിയുള്ളത്. വില്ലേജ് രേഖകളിലും സർവേരേഖകളിലും ഇത് ആദിവാസി ഭൂമിയാണെന്നാണ് ആദിവാസികൾ പറയുന്നത്.
എന്നാൽ, രേഖകളിൽ ചില തിരുത്തലുകൾ വരുത്തി വ്യാജ പ്രമാണമുണ്ടാക്കി തമിഴർ അവരുടെ പേരിലാക്കി. ഒറ്റപ്പാലം സിവിൽ കോടതിയിൽ ഇപ്പോഴും ഇതുസംബന്ധിച്ച കേസ് നിലവിലുണ്ട്. ആദിവാസികൾ 2015ൽ ആർ.ഡി.ഒക്ക് പരാതി നൽകിയിരുന്നു. അതിൽ നടപടിയുണ്ടായില്ല.
ഹൈകോടതി ഉത്തരവുണ്ടെന്ന് അവകാശപ്പെട്ടാണ് ഭൂമാഫിയ സംഘം എത്തിയത്. സിവിൽ കോടതിയിൽ നിലവിൽ കേസുള്ള ഭൂമിക്ക് ഹൈകോടതിയിൽനിന്ന് ഉത്തരവ് നേടുന്നതെങ്ങനെയെന്നാണ് ആദിവാസികളുടെ ചോദ്യം. ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ടെങ്കിൽ ആദിവാസികൾക്ക് നോട്ടീസ് ലഭിക്കണം. നോട്ടീസ് അയക്കാതെ കോടതി കേസ് അവസാനിപ്പിക്കില്ല.
അവർ ഹാജരാക്കിയ കോടതി ഉത്തരവിൽ സർവേ നമ്പർ 751/1 എന്നാണ്. സർവേ നമ്പർ തിരുത്തി കോടതി ഉത്തരവുമായി വന്ന് ഊരുമൂപ്പൻെറ ഭൂമി കൈയേറാൻ ഭൂമാഫിയ സംഘം നടത്തിയ നീക്കത്തിൽ ദുരൂഹതയുണ്ടെന്ന് ചീരക്കടവിലെ ആദിവാസികൾ ചൂണ്ടിക്കാട്ടുന്നു. (മൂപ്പന്റെ ഭൂമിയുടെ സർവേ നമ്പർ 750/1 എന്നാണ്)
ഭവാനിപ്പുഴയുടെ തീരത്തുണ്ടായിരുന്ന ആദിവാസി ഭൂമിയിൽ ഏറെയും ഇത്തരത്തിൽ വ്യജരേഖയുണ്ടാക്കി ആദിവാസികളെ ഭീഷണിപ്പെടുത്തി നേരത്തെ കൈയേറിയിരുന്നു. പിന്നീട് അവിടെ വലിയ റിസോർട്ടുകൾ ഉയർന്നു. ഭൂവുടമസ്ഥത സംബന്ധിച്ച് ആദിവാസികൾ ഹാജരാക്കുന്ന രേഖകൾ റവന്യൂ ഉദ്യോഗസ്ഥർ പരിശോധിക്കാതെയാണ് ഭൂമാഫിയ സംഘത്തെ സഹായിക്കുന്നതെന്നാണ് ആക്ഷേപം. അട്ടപ്പാടിയിലെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഭൂമി മാഫിയയും ഒരുസംഘമായി പ്രവർത്തിച്ചാണ് വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി കൈയേറുന്നത്. 1986ന് മുമ്പ് ഭൂമി കൈമാറ്റം ചെയ്തുവെന്ന് രേഖയുണ്ടാക്കുകയാണ് എല്ലാവരും ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.