ജാഗ്രത വേണമെന്ന് ഓർമിപ്പിച്ച് കുഞ്ഞുറെസിൻ മണ്ണിലലിഞ്ഞു
text_fieldsചാലിയം (കോഴിക്കോട്): നാലു മാസവും 10 ദിവസവും മാത്രം പ്രായമുള്ള മുഹമ്മദ് റെസിെൻറ പൂമേനി പത്തടി താഴ്ചയിലേക്ക് മറഞ്ഞത് കുറേ മുന്നറിയിപ്പുകൾ മറ്റുള്ളവർക്കായി ബാക്കി വെച്ചാണ്. ഈ കുരുന്നിെൻറ ജീവനെടുത്ത കോവിഡ് ബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. ചാലിയം പള്ളി ഖബർസ്ഥാനിൽ സന്ധ്യ ബാങ്കുവിളി കേട്ട് മണ്ണോട് ചേരുമ്പോൾ കുഞ്ഞുറെസിെൻറ ചേതനയറ്റ ശരീരം, സൂക്ഷ്മത പുലർത്തുകയെന്ന ഉത്തരവാദിത്തത്തിൽനിന്ന് ഒരാളും ഒഴിവാക്കപ്പെടുന്നില്ല എന്ന് ഓർമിപ്പിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച പനിയുടെ രൂപത്തിൽ കോവിഡ് ബാധയുണ്ടാകുന്നതു വരെ ഒരു രോഗവും കുഞ്ഞിനില്ലായിരുന്നു. കോവിഡ് പ്രോട്ടോകോൾ അവഗണിച്ച ആരോ ആയിരിക്കാം കുരുന്നിനും രോഗം പകർത്തിയത്. പിതാവിെൻറയും മാതാവിെൻറയും വീടുകൾ കണ്ടെയ്ൻമെൻറ് മേഖലകളിലായിരുന്നു. ചില ബന്ധുക്കൾ പോസിറ്റിവായിട്ടുണ്ടെങ്കിലും ഇവരുമായി സമ്പർക്കമുണ്ടായിട്ടില്ലെന്നാണ് വിവരം.
കടലുണ്ടി കോവിഡ്^ഇൻചാർജ് ശാക്കിർ എങ്ങാട്ടിൽ, ജെ.എച്ച്.ഐ. ഷൈജു, വാർഡ് അംഗം എ. ജമാൽ എന്നിവർ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി.കഴിഞ്ഞയാഴ്ച പ്രദേശത്ത് 52കാരി നഫീസയും കോവിഡിന് കീഴടങ്ങിയിരുന്നു. ഹൃദ്രോഗിയായിരുന്ന ഇവർ സാധാരണ പുറത്തിറങ്ങാറുണ്ടായിരുന്നില്ല. ബന്ധുക്കളിൽനിന്നാണ് രോഗ പ്പകർച്ചയുണ്ടായതെന്നാണ് അനുമാനം. ഏറ്റവും അടുത്തവർക്കിടയിൽ പോലും കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കേണ്ടതാണെന്ന് നഫീസയുടെ മരണവും വിളിച്ചു പറയുന്നുണ്ട്.
തൊട്ടടുത്ത പ്രദേശമായ മണ്ണൂരിൽ പക്ഷാഘാതം പിടിപെട്ട 85കാരി മരിച്ചത് 10 ദിവസം മുമ്പാണ്. വീട്ടിലുള്ളവരൊക്കെ നെഗറ്റിവായിരുന്നെങ്കിലും സന്ദർശകരായെത്തിയ രോഗവാഹകരിൽനിന്നുതന്നെയാകണം ഇവരുടെയും രോഗ ഉറവിടം എന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.