കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പിൻവാതിൽ നിയമനം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
text_fieldsപയ്യന്നൂർ: പിന്‍വാതില്‍ നിയമനമാരോപിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായി എത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ മെഡി. കോളജ് കവാടത്തില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകള്‍ തള്ളിമറിച്ച പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. സംഘർഷത്തിനിടയിൽ വനിത പൊലീസ് ഓഫിസർ നിലത്തുവീണു. എപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി മെഡിക്കല്‍ കോളജില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലെ മെഡ്കോ തസ്തികയിലേക്ക് പിന്‍വാതില്‍ വഴി നിയമനം നടത്തുന്നതായി ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വിജില്‍ മോഹന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അക്ഷയ് പറവൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ല വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാല്‍, ജനറൽ സെക്രട്ടറിമാരായ മിഥുന് മാറോളി, പ്രിനില്‍ മതുക്കോത്ത്, സൗമ്യ സത്യന്, രാഹൂല്‍ പൂങ്കാവ്, നവനീത് നാരായണന്, നിധിന് നടുവനാട്, ജോഷി കണ്ടത്തില്‍, രാജേഷ് മല്ലപ്പളളി, പി.വി. സജീവന്, യു. രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധ മാര്‍ച്ചിന് മിഥുന് കുളപ്പുറം, എന്‍.ഇ. നിതിന്‍, ഷിജു കുഞ്ഞിമംഗലം, അഭിമന്യു പറവൂര്‍, കെ.വി. സുരാഗ്, സരീഷ് പുത്തൂര്‍, ഡെല്‍ജോ ഡേവിഡ്, ഡി.പി. ഭരത്, നിമിഷ പ്രസാദ്, ജോജോ ഉളിക്കല്‍, ശ്രീരാഗ് വെങ്ങര, വിജേഷ് മാട്ടൂല്‍, വരുണ്‍ കൃഷ്ണന്, നിധീഷ് ബാലകൃഷ്ണന്, സായൂജ് കൃഷ്ണന്, അരുണ്‍ ആലയില്‍, ഷംജി മാട്ടൂല്‍, വി. പ്രദീപന്, ജയ്സണ്‍ പരിയാരം എന്നിവര്‍ നേതൃത്വം നല്കി.
പരിയാരം ബസ് സ്റ്റോപ്പില്‍ നിന്ന് പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗേറ്റിനു മുന്നില്‍ പരിയാരം എസ്.എച്ച്.ഒ ഇ.കെ. ഷിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം തടഞ്ഞു. ഒമ്പത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. സംഘര്‍ഷത്തിനിടിയില്‍ മെഡിക്കല്‍ കോളജില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍ ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ തടസ്സമില്ലാതെ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.