ദുരന്തം പഠിപ്പിച്ച പാഠങ്ങളുമായി പള്ളിക്കൂടങ്ങളിൽ നാളെ മണിമുഴങ്ങും
text_fieldsതിരുവനന്തപുരം: പ്രളയഭീകരതയിൽ വിറങ്ങലിച്ച പിഞ്ചുമനസ്സുകളിലേക്ക് ആത്മവിശ്വാസത്തിെൻറയും മാനസികോല്ലാസത്തിെൻറയും പാഠങ്ങളുമായാണ് ഒാണാവധിക്ക് ശേഷം ബുധനാഴ്ച സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത്. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കുട്ടികളെ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനു പകരം ആദ്യ രണ്ട് ദിവസങ്ങളിൽ ആത്മവിശ്വാസം തിരികെകൊണ്ടുവരുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ നിർദേശം നൽകിയത്. പ്രളയക്കെടുതിയിൽ പഠനസ്വപ്നങ്ങൾ പൊലിഞ്ഞ വിദ്യാർഥികൾക്ക് എല്ലാം തിരികെ നൽകാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിെൻറ ശ്രമം ലക്ഷ്യത്തിലേക്ക് നീങ്ങുകയുമാണ്.
മഴക്കെടുതിയിൽ നഷ്ടപ്പെട്ട പഠനോപകരണങ്ങൾക്ക് പകരം പുതിയവ ഉടൻ വിദ്യാർഥികളുടെ കൈകളിൽ എത്തും. സർക്കാറിെൻറ കൈവശമുള്ള 36 ലക്ഷം പാഠപുസ്തകങ്ങൾക്കു പുറമേ, ഒരു വർഷം ആവശ്യമുള്ളതിെൻറ 15 ശതമാനം പുസ്തകങ്ങളുടെ അച്ചടിക്കും നിർദേശം നൽകിയിട്ടുണ്ട്. അച്ചടി കാക്കനാട് കെ.ബി.പി.എസിൽ പുരോഗമിക്കുകയാണ്. പുസ്തകങ്ങളും യൂനിഫോമും നഷ്ടപ്പെട്ടവർക്ക് 31വരെ സ്കൂളിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇൗ കണക്ക് കൂടി പരിഗണിച്ച് സെപ്റ്റംബർ മൂന്നു മുതൽ പാഠപുസ്തകങ്ങൾ വിദ്യാർഥികളുടെ കൈകളിൽ എത്തും. രണ്ടാം വാല്യം പാഠപുസ്തകങ്ങൾ ഇതിനകം സ്കൂളുകളിൽ എത്തിയിട്ടുണ്ട്. സ്കൂളുകൾ തുറക്കുേമ്പാൾ ഇവയും വിദ്യാർഥികളുടെ കൈകളിൽ എത്തും.
യൂനിഫോമിന് ആവശ്യമായ ഒന്നര ലക്ഷം മീറ്റർ തുണി നിലവിൽ ഹാൻഡ്ലൂം ഡയറക്ടറേറ്റിെൻറ പക്കലുണ്ട്. ഇതിനു പുറമേ, ആവശ്യമായ തുണിക്ക് നിർദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ പകുതിയോടെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം. സ്കൂൾ തുറക്കുന്ന ബുധനാഴ്ച പി.ടി.എ യോഗം വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഒാണപ്പരീക്ഷ; 29ന് തീരുമാനം
അധ്യയന ദിനങ്ങളും പഠനോപകരണങ്ങളും പ്രളയം കവർന്നെടുത്ത സാഹചര്യത്തിൽ ഇത്തവണ പാദവാർഷിക പരീക്ഷ (ഒാണപ്പരീക്ഷ) ഉപേക്ഷിക്കാനാണ് ധാരണ. ഇക്കാര്യത്തിൽ 29ന് വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിലും 30ന് നടക്കുന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) മോണിറ്ററിങ് യോഗത്തിലുമായി അന്തിമ തീരുമാനമെടുക്കും. സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രമേള എന്നിവയുടെ സമയക്രമത്തിലും മാറ്റമുണ്ടാകും. ഡിസംബറിനകം ഇവ തീർക്കുന്ന തരത്തിലായിരുന്നു വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയിരുന്നത്. പുതിയ സാഹചര്യത്തിൽ ഇൗ സമയക്രമത്തിൽ മാറ്റം വരുത്തുന്നതിലും ക്യു.െഎ.പി യോഗം ശിപാർശ സമർപ്പിക്കും.
എസ്.എസ്.എൽ.സി പരീക്ഷ മാറ്റുന്നതും സർക്കാർ പരിഗണനയിലാണ്. മാർച്ച് 25 മുതൽ ഏപ്രിൽ 10 വരെയായി പരീക്ഷ പുനഃക്രമീകരിക്കാനുള്ള നിർദേശമാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. നിലവിൽ മാർച്ച് 13 മുതൽ പരീക്ഷ നടത്താനായിരുന്നു തീരുമാനം. പരീക്ഷ ഏപ്രിലിലേക്ക് നീട്ടുന്നതിനെ നേരത്തേ ക്യു.െഎ.പി യോഗത്തിൽ അധ്യാപക സംഘടന എതിർത്തിരുന്നു. പുതിയ സാഹചര്യത്തിൽ പരീക്ഷ ഏപ്രിലിലേക്ക് നീേട്ടണ്ടിവരുമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.