പിൻവാതിൽ നിയമന വിവാദം: നിയമസഭ ആദ്യദിനംതന്നെ സ്തംഭിച്ചു; ആരോപണം തള്ളി സർക്കാർ, കടുപ്പിച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: പിൻവാതിൽ നിയമന വിവാദത്തിൽ മുങ്ങിയ നിയമസഭ സമ്മേളനം ആദ്യദിനംതന്നെ സ്തംഭിച്ചു. വലിയ പ്രകോപനമില്ലാതെ നടന്നുവന്ന അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപനം ഉണ്ടാകുകയും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ബഹളത്തിനിടെ മറ്റു നടപടികൾ ചർച്ചയില്ലാതെ പൂർത്തിയാക്കി സ്പീക്കർ എ.എൻ. ഷംസീർ സഭ പിരിയുന്നതായി പ്രഖ്യാപിച്ചു. പിന്നാലെ പ്രതിപക്ഷം സഭ കവാടത്തിലേക്ക് പ്രകടനവും നടത്തി.
തിരുവനന്തപുരം മേയറുടെ കത്ത് വിവാദത്തിന്റെ സാഹചര്യത്തിൽ പി.എസ്.സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്ന് ആരോപിച്ച് പി.സി. വിഷ്ണുനാഥാണ് നോട്ടീസ് നല്‍കിയത്. നായ് പിടിത്തക്കാർ മുതൽ സർവകലാശാല വൈസ് ചാൻസലർ വരെ പാർട്ടി കത്ത് വാങ്ങി നിയമനം നേടുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. അക്കമിട്ട് മറുപടി പറഞ്ഞ മന്ത്രി എം.ബി. രാജേഷ് ആരോപണങ്ങൾ പൂർണമായി തള്ളിയതിന് പിന്നാലെ നോട്ടീസ് സ്പീക്കറും തള്ളി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇറങ്ങിപ്പോക്കിന് മുന്നോടിയായി നടത്തുന്ന പ്രസംഗത്തിനിടെയാണ് സഭ ബഹളത്തിലേക്ക് നീങ്ങിയത്. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളി തുടങ്ങി. ഇരിപ്പിടങ്ങളിലേക്ക് മടങ്ങാന്‍ ആവര്‍ത്തിച്ച് സ്പീക്കര്‍ നിർദേശിച്ചിട്ടും അവര്‍ വഴങ്ങിയില്ല. ഇതോടെ സഭ സ്തംഭിക്കുകയായിരുന്നു. നിയമന വിഷയത്തിൽ ആസൂത്രിത നുണപ്രചരണം നടക്കുന്നെന്ന് നോട്ടീസിന് മറുപടിയായി മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. അതിശയോക്തിയും അതിവൈകാരികതയും ചേര്‍ത്ത് അവതരിപ്പിക്കുന്നു. ഉദ്യോഗാർഥികളോട് അനീതി ചെയ്തെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഇത് ജനം മുഖവിലയ്ക്കെടുക്കില്ല.
ലോക്കല്‍ കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ വ്യാപിക്കുന്ന റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് സി.പി.എം നടത്തുന്നതെന്ന് പി.സി. വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലികള്‍ക്ക് സി.പി.എം സമാന്തര റിക്രൂട്ട്മെന്റ് സംവിധാനമൊരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കുറ്റപ്പെടുത്തി. നിയമനിർമാണം നടത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ഇതുവരെ സ്പെഷല്‍ റൂള്‍സ് ഉണ്ടാക്കാത്തതുകൊണ്ട് നിയമനം പി.എസ്.സിക്ക് വിടാനാകുന്നില്ല. അതിലുള്‍പ്പെടെ സര്‍വകലാശാലകളില്‍ പാര്‍ട്ടിക്കാരെ വ്യാപകമായി നിയമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.