പിൻവാതിൽ നിയമനം: യു.ഡി.എഫിെൻറ വഴിയേ എൽ.ഡി.എഫും
text_fieldsപാലക്കാട്: പൊതുമേഖല സ്ഥാപനങ്ങളിൽ കൂട്ട നിയമനത്തിന് സർക്കാർ നീക്കം. യു.ഡി.എഫ് സർക്കാറിെൻറ അവസാനകാലത്ത് അരങ്ങേറിയ പിൻവാതിൽ നിയമനങ്ങൾക്ക് സമാനമാണിത്. ഉമ്മൻ ചാണ്ടി സർക്കാർ കാലാവധി പൂർത്തീകരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് 961 പേരെ നിയമിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു.
പരമാവധി തസ്തികകളിൽ നിയമനത്തിന് എൽ.ഡി.എഫ് സർക്കാർ ഇൗ വർഷം ആദ്യംതന്നെ നടപടികൾ ആരംഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് നിയമനം പൂർത്തിയാക്കാനാണ് ശ്രമം. ഉന്നതതല നിർദേശപ്രകാരം റിയാബ് എം.ഡിയുടെ നേതൃത്വത്തിലാണ് പൊതുമേഖല സ്ഥാപനങ്ങളിലും വ്യവസായ വകുപ്പിന് കീഴിലെ സഹകരണ സ്ഥാപനങ്ങളിലും നിയമന നീക്കം നടക്കുന്നത്. കഴിഞ്ഞ ദിവസം ഇതിനായി വിളിച്ച സ്ഥാപന മേധാവികളുടെ യോഗം റദ്ദാക്കിയെങ്കിലും രണ്ടാഴ്ചക്കകം നടപടി പൂർത്തീകരിക്കാൻ നിർദേശമുണ്ട്.
കോടികളുടെ ബാധ്യതയുള്ള പൊതുമേഖല സ്ഥാപനങ്ങളിൽവരെ അനാവശ്യ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. നഷ്ടത്തിലുള്ള കേരള ചെറുകിട വ്യവസായ വികസന കോർപറേഷനിൽ (സിഡ്കോ) മാത്രം 54 തസ്തികകളിലേക്കാണ് കരാർ നിയമനം. 14 കോടി നഷ്ടത്തിലുള്ള മലബാർ സിമൻറ്സിൽ അരലക്ഷം മുതൽ ഒരുലക്ഷം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുള്ള ആറ് നിയമനങ്ങളാണ് നടത്തുന്നത്. 44 പൊതുമേഖല സ്ഥാപനങ്ങളിലും വ്യവസായ വകുപ്പിെൻറ 34 സഹകരണ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനങ്ങൾക്ക് ഒഴിവുകൾ സൃഷ്ടിച്ചിട്ടുണ്ട്. വൻതുകയുടെ അധിക ബാധ്യതയാണ് സഹകരണ സ്പിന്നിങ് മില്ലുകളിൽ നിയമനങ്ങൾ മൂലം ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.