ഡ്രൈവർ തസ്തികയിലെ പിൻവാതിൽ നിയമനത്തിനും തിരിച്ചടി
text_fieldsതൃശൂർ: തദ്ദേശസ്ഥാപനങ്ങളിൽ ഉൾപ്പെടെ ഡ്രൈവർ തസ്തികയിൽ താൽക്കാലിക ജോലി ചെയ്യുന്നവരെ ഒഴിവാക്കണമെന്ന അഡ്മിനിസ്ട്രേറ്റിവ് ട്രൈബൂണൽ വിധി സർക്കാറിന് പ്രഹരമായി. പിൻവാതിൽ നിയമനം നടത്തിയവരെ ഒഴിവാക്കി നേരത്തെ റാങ്ക് ലിസ്റ്റിലുള്ളവരെ താൽക്കാലികമായി നിയമിക്കണമെന്നാണ് നിർദേശം. സംസ്ഥാനത്ത് 2550 താൽക്കാലിക ഡ്രൈവർമാരാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായി ജോലി ചെയ്യുന്നത്. ഇതുമൂലം അയ്യായിരത്തോളം വരുന്ന പി.എസ്.സിയുടെ 016/2014 എൽ.ഡി.വി റാങ്ക് ലിസ്റ്റിൽ നിന്ന് ആയിരത്തിൽ താഴെ നിയമനമാണ് നടന്നത്. 2018 ഫെബ്രുവരി ആറിന് നിലവിൽ വന്ന ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ/ ഓഫിസ് അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസം നീട്ടിനൽകിയിരുന്നു.
കാലാവധി നീട്ടി നൽകിയിട്ടും കുറഞ്ഞ ആളുകൾക്ക് മാത്രമാണ് ജോലി ലഭിച്ചത്. ഇതിനെതിരെ ഉദ്യോഗാർഥികൾ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. കാലാവധി കഴിയുന്നതിനു മുമ്പ് ഓരോ ജില്ലകളിലും 200ൽ അധികം ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾക്ക് നിയമന തടസ്സം നേരിട്ടത്തിന് കാരണം താൽക്കാലിക ജീവനക്കാരാണെന്നും ട്രൈബൂണൽ നിരീക്ഷിച്ചു.
അതുകൊണ്ട്തന്നെ താൽക്കാലികക്കാരെ ഒഴിവാക്കി പി.എസ്.സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളെ നിയമിക്കുവാൻ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. സാമ്പത്തിക പ്രശ്നം മൂലം പുതിയ തസ്തിക സൃഷ്ടിക്കാനാവില്ലെന്ന് സർക്കാർ മറുപടി നൽകി. ഇതോടെ 2021 ജൂലൈയിൽ കാലാവധി അവസാനിക്കും മുമ്പേ നിയമന സാധ്യത ഉണ്ടായിട്ടും ജോലി ലഭിക്കാതെ പോയ ഉദ്യോഗാർഥികളെ താൽക്കാലികമായി നിയമിക്കാനാണ് പുതിയ ഉത്തരവ്. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി തീരുന്ന മുറക്ക് തസ്തിക അനുവദിച്ച് സ്ഥിരപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.
കഴിഞ്ഞ രണ്ടുവർഷമായി ഉദ്യോഗാർഥികൾ നടത്തുന്ന നിയമ പോരാട്ടത്തിലാണ് ആശ്വാസകരമായ വിധി വന്നത്. അതേസമയം സ്ഥിര നിയമനം ഇനിയും പ്രതീക്ഷ മാത്രമാണ്. പരീക്ഷയോ മാനദണ്ഡങ്ങളോ ഇല്ലാതെ പിൻവാതില് വഴി രാഷ്ട്രീയക്കാർ അവർക്ക് ഇഷ്ടമുള്ളവരെ നിയമിക്കുന്നതിന് തിരിച്ചടിയാണ് ട്രൈബ്യൂണൽ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.