പിന്നാക്ക വിദ്യാഭ്യാസ സംവരണം 40 ശതമാനമാക്കണം -വി.ആർ. ജോഷി
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ സംവരണത്തിൽ പിന്നാക്ക വിഭാഗങ്ങളോട് കാണിക്കുന്ന വിവേചനവും അനീതിയും അവസാനിപ്പിക്കണമെന്ന് പിന്നാക്ക വികസന വകുപ്പ് മുൻ ഡയരക്ടർ വി.ആർ. ജോഷി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പിന്നാക്ക വിദ്യാഭ്യാസ സംവരണം 40 ശതമാനമാക്കണം. ജനസംഖ്യയിൽ 65 ശതമാനത്തിൽ അധികം വരുന്ന മൊത്തം പിന്നാക്ക സമുദായങ്ങൾക്ക് ആകെ ഒമ്പത് ശതമാനം മാത്രമാണ് എം.ഡി/ എം.എസ് കോഴ്സിൽ സംവരണമുള്ളത്. അതേസമയം ഇവരുടെ മൂന്നിൽ ഒന്നുമാത്രം ജനസംഖ്യയുള്ള മുന്നാക്ക സമുദായത്തിന് 10 ശതമാനമാണ് സംവരണം.
മിക്ക കോഴ്സുകളുടെയും സംവരണത്തിൽ ഈ വിവേചനം കാണാം. എഞ്ചിനീയറിങ്ങിന് കേവലം 5 ശതമാനം മാത്രമാണ് പിന്നാക്ക സംവരണം. ആർട്സ് ആൻഡ് സയൻസ് കോളജുകളിലും സർവകലാശാലകളിലും ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് 20 ശതമാനവും പ്രഫഷനൽ ബിരുദ കോഴ്സുകൾക്ക് 30 ശതമാനവും ആണ് സംവരണം. എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ തുടങ്ങിയ കോഴ്സുകൾക്കും വ്യത്യസ്ത തോതാണ്. അതേസമയം ഒ.ബി.സി ജനസംഖ്യയുടെ മൂന്നിൽ ഒന്നുമാത്രം വരുന്ന മുന്നാക്ക സമുദായങ്ങൾക്ക് എല്ലാ കോഴ്സുകൾക്കും 10 ശതമാനം സംവരണം അനുവദിച്ചു. ഈ കടുത്ത വിവേചനവും അനീതിയും പരിഹരിക്കേണ്ടതുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
എം.ഡി എം.എസ് കോഴ്സിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഈഴവ സമുദായത്തിൽപ്പെട്ട രണ്ടു മെഡിക്കൽ ബിരുദ വിദ്യാർത്ഥികൾ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ന്യായമായ ആവശ്യം പരിഗണിച്ച് പിന്നാക്ക സമുദായ വിദ്യാർഥികളുടെ സംവരണ പ്രശ്നത്തിന് നാലുമാസത്തിനകം പരിഹാരം ഉണ്ടാക്കണമെന്നാണ് ഡിസംബർ ഏഴിന് കേരള ഹൈകോടതി വിധി പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തിൽ ഒ.ബി.സി, എസ്.ഇ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് ഉദ്യോഗ മേഖലയിലേതുപോലെ എല്ലാ കോഴ്സുകൾക്കും ചുരുങ്ങിയത് 40% സംവരണം അനുവദിച്ച് നിലവിലുള്ള വ്യത്യസ്ത നിരക്കുകൾ ഏകീകരിക്കണമെന്നും വി.ആർ. ജോഷി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.