തിരുവിതാംകൂർ ദേവസ്വം ബോർഡ് കോളജുകളിൽ പിന്നാക്ക ജീവനക്കാർ നാമമാത്രം
text_fieldsകൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള നാല് കോളജുകളിൽ അനധ്യാപക തസ്തികകളിൽ പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം നാമമാത്രമെന്ന് വിവരാവകാശ രേഖ. നാല് കോളജുകളിലായി അധ്യാപക, അനധ്യാപക തസ്തികകളിൽ പട്ടികവർഗത്തിൽനിന്നുള്ള ഒരാൾ പോലുമില്ല. കൊല്ലം ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ഡി.ബി കോളജ്, ആലപ്പുഴ ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളജ്, പത്തനംതിട്ട ജില്ലയിലെ പരുമല ദേവസ്വം ബോർഡ് കോളജ് പമ്പാ, കോട്ടയം തലയോലപ്പറമ്പ് ഡി.ബി കോളജ് എന്നിവയാണ് ദേവസ്വം ബോർഡിന്റെ നാല് കോളജുകൾ.
ശാസ്താംകോട്ട കോളജിലെ ആകെ അധ്യാപകരുടെ എണ്ണം 85 ആണെങ്കിലും മൂന്ന് എസ്.സി അധ്യാപകരും ആറ് ഒ.ബി.സി അധ്യാപകരുമേയുള്ളൂ. ഈഴവ അധ്യാപകരുടെ എണ്ണം 26 ആണ്. എന്നാൽ, എസ്.ടി വിഭാഗത്തിൽ ഒരാൾ പോലുമില്ല. ആകെയുള്ള 38 അനധ്യാപക തസ്തികകളിൽ എസ്.സി, എസ്.ടി, ഒ.ബി.സിക്കാരുടെ പ്രാതിനിധ്യം പൂജ്യമാണ്. മൂന്ന് ഈഴവരുണ്ട്.
ഇരമല്ലിക്കര കോളജിലെ ആകെയുള്ള 27 അധ്യാപകരിൽ രണ്ട് എസ്.സിയും ഈഴവ വിഭാഗമുൾപ്പെടെ മൂന്ന് ഒ.ബി.സിക്കാരുമാണുള്ളത്. അനധ്യാപക വിഭാഗത്തിലെ ഒമ്പത് ജീവനക്കാരിൽ മൂന്ന് ഒ.ബിസിക്കാരുണ്ടെന്നതൊഴിച്ചാൽ എസ്.സി, എസ്.ടി, ഈഴവ വിഭാഗത്തിലാരുമില്ല.
പരുമല പമ്പാ കോളജിലാണ് കുറേക്കൂടി മെച്ചപ്പെട്ട പിന്നാക്ക പ്രാതിനിധ്യമുള്ളതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു. ആകെയുള്ള 45 അധ്യാപകരിൽ അഞ്ച് എസ്.സി, 12 ഒ.ബി.സി, എട്ട് ഈഴവ വിഭാഗക്കാരുണ്ട്. ഇവിടെയും എസ്.ടിക്കാരാരുമില്ല. 28 അനധ്യാപകരിൽ എസ്.സി-ഒന്ന്, ഒ.ബി.സി, ഈഴവ -മൂന്നു വീതം എന്നിങ്ങനെയാണ് പിന്നാക്ക പ്രാതിനിധ്യം.
തലയോലപ്പറമ്പ് കോളജിലെ 47 അധ്യാപകരിൽ രണ്ട് എസ്.സിക്കാരും അഞ്ച് ഒ.ബി.സിക്കാരും ഒമ്പത് ഈഴവരുമുണ്ട്. എന്നാൽ, ഈ സ്ഥാപനത്തിലെ അനധ്യാപകരിൽ എസ്.സിയോ എസ്.ടിയോ ഒ.ബി.സിയോ ഈഴവരോ ഇല്ലെന്നും മറുപടിയിൽ വ്യക്തം. സംസ്ഥാന സർക്കാറാണ് ഇവിടത്തെ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ആനുകൂല്യങ്ങളടക്കം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.