മോശം ഭക്ഷണം വിളമ്പില്ല, അമ്മയാണേ സത്യം; വിമർശനം നശിപ്പിക്കാനാവരുത് -ഷെഫ് സുരേഷ് പിള്ള
text_fieldsകോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഷെഫ് സുരേഷ് പിള്ള. തെറ്റുകൾക്ക് വിമർശനമാകാമെന്നും എന്നാൽ എന്നെന്നേക്കുമായി നശിപ്പിക്കാനാവരുതെന്നും സുരേഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചു.
രുചിയിൽ പോരായ്മകൾ ഉണ്ടായേക്കാം. ഭക്ഷണം വിൽക്കുന്ന ഒരാളും അറിഞ്ഞ് കൊണ്ട് മോശം ഭക്ഷണം വിളമ്പില്ല. തീയിൽ കുരുത്താൽ വെയിലത്ത് വാടില്ലെന്നും സ്നേഹസമ്പന്നരായ ജനങ്ങളിലൂടെയാണ് ഇവിടെവരെ എത്തിയതെന്നും സുരേഷ് പിള്ള പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഷെഫ് സുരേഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്:
നമസ്കാരം കുട്ടുകാരെ,
പതിനഞ്ച് വർഷത്തെ യു.കെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ നേരത്ത് യൂറോപ്പിൽ പത്തോളം റെസ്റ്റോറന്റ് തുടങ്ങാനുള്ള അവസരമായിരുന്നു മുന്നിൽ അതെല്ലാം നിരസിച്ചാണ് നാട്ടിൽ എന്തെങ്കിലും ചെയ്യണം, അതിന്റെ ഗുണം എന്റെ നാട്ടുകാർക്കും കിട്ടണം എന്ന ആഗ്രഹത്താൽ ഓടിയെത്തിയത്. പിന്നെയും വിദേശത്തേക്ക് അവസരങ്ങൾ നിരവധി വന്നു. അപ്പോഴെല്ലാം ഈ മണ്ണിന്റെ ഗന്ധമാണെന്നെ ചേർത്തു നിർത്തിയത്.
മുപ്പത് വർഷത്തെ തൊഴിൽ പരിചയത്തിൽ മാത്രം വിശ്വസിച്ച്, ആദ്യ സംരഭം ബാഗ്ളൂരിലെ സുഹൃത്തിന്റെ കോവിഡ് കാലത്തു പൂട്ടിപോയ റെസ്റ്റോറന്റ് ഏറ്റെടുത്ത് അമ്പതോളം കുട്ടുകാരെ കൂടെ കുട്ടി ആരംഭിച്ചത്..! അതെ എന്നും എന്റെ കരുത്തായ എന്നെ ഞാനാക്കിയ ഉറ്റവർ.
തുടങ്ങി ആറുമാസത്തിനുള്ളിൽ അതിന്റെ വിജയം കണ്ട്, ഭക്ഷണത്തിന്റെ വൈവിധ്യവും, സർവീസിന്റെ മികവും മനസ്സിലാക്കി ഇന്റർനാഷണൽ ബ്രാൻഡായ മാറിയറ്റിന്റെ നാലു ഹോട്ടലുകളിലാണ് ലോകത്ത് ആദ്യമായി ഒരു മലയാളി ബ്രാൻഡിന് അവസരം തന്നത്. ഒരു സ്റ്റാർട്ടപ്പായി തുടങ്ങി രണ്ടര വർഷത്തിൽ 16 റെസ്റ്റോറന്റുകളും പുതിയ നാല്പതോളം പ്രോജക്ടുകളുമായി മുന്നോട്ട് പോവുകയാണ്...50 പേരിൽ നിന്ന് ഇന്നത് 750 പേരിലേക്ക് എത്തി... രണ്ടായിരത്തോളം ആളുകൾ ആറു മാസത്തിനുള്ളിൽ നമ്മുടെ ടീമിൽ ജോയിൻ ചെയ്യാനിരിക്കുന്നു..
യാതൊരു വർക്കിങ് കാപ്പിറ്റലും ഇല്ലാതെയായിരുന്നു തുടക്കം. അന്നു മുതൽ ഇന്നുവരെ എല്ലാ മാസവും 28 ന് മുന്നേ കൃത്യമായി എല്ലാവർക്കും ശമ്പളം കൊടുക്കാനായി എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ സന്തോഷം, ഇന്നു വരെ അത് മുടങ്ങാത്തിൽ അഭിമാനമുണ്ട്. ശമ്പളം 15 ലക്ഷത്തിൽ തുടങ്ങി ഇന്നത് മാസം ഒന്നരക്കോടിയോളം രൂപയെത്തി... അതിൽ ഈ മേഖലയിലെ മിടുക്കരായ പ്രൊഫെഷനലുകളും യാതൊരു തൊഴിൽ പരിചയം ഇല്ലാത്ത തുടക്കാർവരെയുണ്ട്...
നല്ലൊരു ജോലിയും, TV പ്രോഗ്രാംസും, സോഷ്യൽ മീഡിയയിൽ കുക്കിങ്ങ് വിഡിയോയും ചെയ്യ്തിരുന്നെങ്കിൽ വലിയ ടെൻഷനൊന്നും ഇല്ലാതെ സന്തോഷമായി കുടുംബവുമായി സ്വന്തം കാര്യം നോക്കിയിരിക്കാമായിരുന്നു... നാടിനെന്തെങ്കിലും ചെയ്യണം, കുറച്ച് നാട്ടുകാർക്ക് ജോലി കൊടുക്കണം, നമ്മുടെ ഭക്ഷണത്തെ ലോകത്ത് എല്ലായിടത്തും എത്തിക്കണം ഇതൊക്കെയായിരുന്നു എന്റെ അതിയായ ആഗ്രഹം..!
ചെറുതായി കടിച്ച് നോവിക്കുന്ന കട്ടുറുമ്പ് മുതൽ കൊത്തി പറിക്കാൻ വെമ്പിനിൽക്കുന്ന കഴുകൻമാരുടെ ഇടയിലൂടെ വേണം ഈ സംരംഭം മുന്നോട്ട് കൊണ്ട് പോകേണ്ടതെന്ന് നന്നായി അറിയാം... കുട്ടത്തിലൊരുവൻ സ്വപ്രയത്നത്താൽ ഇത്തിരി കൂടുതൽ നേട്ടം നേടിയാൽ, അല്ലങ്കിൽ അവനൊരു പിഴ വന്നാൽ തെറിയും അസഭ്യ വർഷവും, പരിഹാസവും പൊങ്കാലയും...
അവനെ എങ്ങനെയെങ്കിലും നശിപ്പിക്കണം എന്ന ആഗ്രഹമുള്ളവരും നമ്മുടെ ഇടയിലുണ്ട് എന്നതൊരു വലിയ സത്യമാണ്..!
ഈ ഭൂലോകത്തിൽ ഒരു ഭാഷ സംസാരിക്കുന്ന മനുഷ്യരെന്ന നിലയിൽ നമ്മിലൊരുവന്റെ വീഴ്ചയും, പതനവും കാണാൻ ആഗ്രഹിക്കുന്ന, അത് ആഘോഷമാക്കുന്ന, അവന്റെ വേദനയിൽ എന്റെയൊരു കമന്റുകുടിയിരുന്നോട്ടെ എന്ന് ആനന്ദിക്കുന്നവരാണ് പലരും..!
പ്രിയമുള്ളവരേ, ഭക്ഷണം വിൽക്കുന്ന തെരുവോരത്തെ ചെറിയൊരു തട്ടുകടയും, റെസ്റ്റോറന്റുകളും, പഞ്ചനക്ഷത്ര ഹോട്ടലുകളും ഇക്കാലത്തു ഒരുപാട് വെല്ലുവിളികളിലൂടെയും, നിരവധി പ്രതിസന്ധികളിലുടെയാണ് മുന്നോട്ട് പോകുന്നത്... അതിലൊരു പാട് പേരുടെ വിയർപ്പുണ്ട്, സ്വപ്നങ്ങളുണ്ട്...
തെറ്റുകൾക്ക് വിമർശനമാകാം, പക്ഷേ നിങ്ങളുടെ ആക്രമണം എന്നെന്നേക്കുമായി അവരെ നശിപ്പിക്കാനാവരുത്...
രുചിയിൽ പോരായ്മകൾ ഉണ്ടായേക്കാം എന്നാലും ഭക്ഷണം വിൽക്കുന്ന ഒരാളും അറിഞ്ഞുകൊണ്ട് മോശം ഭക്ഷണം വിളമ്പില്ല! അത് അമ്മയാണേ സത്യം....
തീയിൽ കുരുത്താൽ വെയിലത്തു വാടില്ല എന്ന് പറഞ്ഞപോലെ മുന്നോട്ട് പോവുകയാണ് !
ഇതിലൊന്നും പെടാത്ത ഒരുപാട് സ്നേഹസമ്പന്നരായ ജനങ്ങളിലൂടെയാണ് ഇവിടെവരെ എത്തിയത്, അവരിലൂടെ ഇനിയും മുന്നോട്ട്..! എല്ലാവരോടും സ്വനേഹം സ്നേഹം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.