പ്ലസ് ടു കെമിസ്ട്രിയിലെ മോശം ഫലം എൻജിനീയറിങ് പ്രവേശനത്തിൽ തിരിച്ചടിയാകും
text_fieldsതിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷയിലെ വിജയശതമാനത്തിലെയും എ പ്ലസിലെയും ഇടിവ് വിദ്യാർഥികൾക്ക് എൻജിനീയറിങ് പ്രവേശനത്തിൽ തിരിച്ചടിയാകും. കേരള എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയാറാക്കുന്നത് പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളിലെ മാർക്കും തുല്യമായി പരിഗണിച്ചുള്ള സ്റ്റാൻഡേഡൈസേഷൻ പ്രക്രിയയിലൂടെയാണ്.
കെമിസ്ട്രിയിൽ ഉയർന്ന വിജയം നേടിയ കുട്ടികളുടെ എണ്ണം വൻതോതിൽ കുറഞ്ഞത് ഇവരെ റാങ്ക് പട്ടികയിൽ പിറകിലാക്കും. ഇത്തവണ കെമിസ്ട്രിയിലെ വിജയശതമാനം 89.14 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞവർഷം 93.24 ശതമാനമായിരുന്നു കെമിസ്ട്രിയിലെ വിജയം. കഴിഞ്ഞവർഷം 80 ശതമാനം മാർക്കിനുള്ള ചോദ്യങ്ങളും ഇത്തവണ 70 ശതമാനം മാർക്കിനുള്ള ചോദ്യങ്ങളുമാണ് ഫോക്കസ് ഏരിയയിൽനിന്ന് നിശ്ചയിച്ചത്. ഇതനുസരിച്ച് ശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും നേരിയ കുറവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, എ പ്ലസുകാരുടെ എണ്ണത്തിൽ വൻ കുറവാണുണ്ടായത്.
കഴിഞ്ഞവർഷം 64,308 പേർക്കാണ് കെമിസ്ട്രിയിൽ എ പ്ലസ് ലഭിച്ചത്. ഇത്തവണ ഇതു പകുതിയിലധികം കുറഞ്ഞ് 30,615 ആയി. 33,693 പേരുടെ കുറവാണ് എ പ്ലസിൽ മാത്രം ഉണ്ടായത്. ഫോക്കസ് ഏരിയ രീതിയില്ലാതെ പാഠപുസ്തകം പൂർണമായി പഠിച്ച് പരീക്ഷ എഴുതിയ 2020ൽ 36,936 പേർക്ക് കെമിസ്ട്രിയിൽ എ പ്ലസ് ലഭിച്ചിരുന്നു. ഈ വർഷത്തെ അപേക്ഷിച്ച് 2020ൽ 6321 പേർക്ക് അധികമായി എ പ്ലസ് ലഭിച്ചിട്ടുണ്ട്.
2019ലും ഫോക്കസ് ഏരിയ സമ്പ്രദായമുള്ള ഇത്തവണത്തേതിൽ കൂടുതൽ പേർക്ക് (31,783) കെമിസ്ട്രിയിൽ എ പ്ലസ് ലഭിച്ചു. ഇത്തവണ കെമിസ്ട്രിയിൽ എ പ്ലസുകാർ കുറഞ്ഞതിനനുസൃതമായി മുൻ വർഷത്തെ അപേക്ഷിച്ച് എ, ബി പ്ലസ്, ബി ഗ്രേഡുകാരുടെ എണ്ണം വർധിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ കെമിസ്ട്രി ഉത്തരപേപ്പർ മൂല്യനിർണയഘട്ടത്തിൽ ഉയർന്ന വിവാദവും തുടർന്ന് സ്വീകരിച്ച നടപടികളുമാണ് കെമിസ്ട്രിയിലെ മോശം ഫലത്തിന് കാരണമെന്ന വിലയിരുത്തലിലാണ് അധ്യാപകർ.
വിദ്യാഭ്യാസ വകുപ്പ് സീനിയോറിറ്റി അടിസ്ഥാനത്തിൽ ഉത്തരസൂചിക തയാറാക്കാൻ നിയോഗിച്ച 12 അധ്യാപകർ സമർപ്പിച്ച സൂചിക വകുപ്പ് തള്ളുകയായിരുന്നു. വിദ്യാർഥികൾക്ക് അമിതമായി മാർക്ക് നൽകുന്നതാണ് സൂചിക എന്ന കാരണത്താലായിരുന്നു നടപടി. പകരം ചോദ്യം തയാറാക്കിയ അധ്യാപകൻ അതോടൊപ്പം കൈമാറിയ സൂചിക ഉപയോഗിച്ച് മൂല്യനിർണയം നടത്താനായിരുന്നു തീരുമാനം.
ഇതോടെ മൂല്യനിർണയം അധ്യാപകർ കൂട്ടത്തോടെ ബഹിഷ്കരിച്ചു. ഒടുവിൽ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി പുതിയ സൂചിക തയാറാക്കിയാണ് മൂല്യനിർണയം നടത്തിയത്. ഈ സൂചികയും വിദ്യാർഥികൾക്ക് അർഹമായ മാർക്ക് നിഷേധിക്കുന്നതാണെന്ന ആക്ഷേപം ഉയർന്നിരുന്നു. എൻജിനീയറിങ്ങിന് പരിഗണിക്കുന്നതിനാൽ ഇരട്ടമൂല്യനിർണയം നടത്തുന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് പേപ്പറുകൾക്ക് പുനർമൂല്യനിർണയം അനുവദിക്കാത്തതും വിദ്യാർഥികൾക്ക് കുരുക്കായി. മോശം ഫലം സംസ്ഥാന സിലബസിൽ പഠിച്ച് എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർഥികളെയാണ് ബാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.