‘ബാഡ് ടച്ചെ’ന്ന് വിദ്യാർഥിനി; അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി
text_fieldsതിരുവനന്തപുരം: അധ്യാപകൻ തന്നെ തൊട്ടത് ‘ബാഡ് ടച്ച്’ ആണെന്ന സ്കൂൾ വിദ്യാർഥിനിയുടെ മൊഴിയെതുടർന്ന് അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആജ് സുദർശനാണ് ജാമ്യാപേക്ഷ തള്ളിയത്. സംഗീതാധ്യാപകനായ ജോമോനാണ് പ്രതി. പലതവണ ശരീരഭാഗങ്ങളിൽ സ്പർശിച്ചു. ഇത് ‘ബാഡ് ടച്ച്’ ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്നും ഏഴാം ക്ലാസുകാരി പറഞ്ഞിരുന്നു. ക്ലാസ് റൂമിന്റെ പുറത്ത് കാണുമ്പോഴൊക്കെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും അധ്യാപകൻ പറഞ്ഞിട്ടുണ്ടെന്നും കുട്ടി വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരി പത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. താൻ നിരപരാധിയാണെന്നും ഈ കേസുമായി തനിക്കൊരു ബന്ധവുമില്ലെന്നും പറഞ്ഞാണ് പ്രതി ജാമ്യാപേക്ഷ നൽകിയത്.
എന്നാൽ, അധ്യാപകനായ പ്രതി നടത്തിയ കുറ്റകൃത്യം അംഗീകരിക്കാനാകില്ലെന്ന് ജാമ്യാപേക്ഷയെ എതിർത്ത സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ കോടതിയിൽ പറഞ്ഞു. പ്രതിക്കെതിരെ മറ്റൊരു വിദ്യാർഥിനികൂടി പരാതി നൽകിയതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളി. മാതൃകയാകേണ്ട അധ്യാപകന്റെ പ്രവൃത്തി ന്യായീകരിക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു.
സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന് അർഹനല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. മറ്റൊരു വിദ്യാർഥിനിയുടെ പരാതിയിൽ പ്രതിക്കെതിരെ ഒരു കേസുകൂടി എടുത്തിട്ടുണ്ട്.
മാതാപിതാക്കൾ അറിയാൻ
- ‘നല്ല സ്പർശം, മോശം സ്പർശം’ എന്നതിനെക്കുറിച്ച് മൂന്നു വയസ്സുമുതൽ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കാം.
- സ്വകാര്യഭാഗങ്ങളെക്കുറിച്ച് അവബോധം നൽകുക, അവയുടെ കൃത്യമായ പേരുതന്നെ പറയുക.
- മോശം സ്പർശമുണ്ടായാൽ മാതാപിതാക്കളോടോ അധ്യാപകരോടോ പറയണമെന്ന് ഓർമിപ്പിക്കുക.
- ഇത്തരം വിഷയങ്ങൾ പറയുമ്പോൾ കുട്ടികളെ പരിഹസിക്കുകയോ കളിയാക്കുകയോ ചെയ്യരുത്.
- എന്തുകാര്യവും തുറന്നുപറയാൻ പറ്റുന്ന സാഹചര്യം വീട്ടിലൊരുക്കുക.
- അവരവരുടെ ശരീരത്തിന്മേലുള്ള പൂർണ അവകാശം അവരവർക്കാണെന്നും അനുമതിയില്ലാതെ സ്വന്തമിടത്തിലേക്ക് കയറുന്നത് തടയ ണമെന്നും പറയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.