ൈവറലായി ബാഫഖി തങ്ങളുടെ അറബിമലയാളം വോട്ടഭ്യർഥന
text_fieldsകോഴിക്കോട്: പ്രധാന പാർട്ടികളും മുതിർന്ന നേതാക്കളും അറബിമലയാളത്തിൽ വോട്ടഭ്യർഥിച്ച കാലമുണ്ടായിരുന്നു കേരളക്കരയിൽ. സംസ്ഥാനം രൂപംകൊണ്ട് രണ്ടുപതിറ്റാണ്ടോളം മുസ്ലിം കേന്ദ്രങ്ങളിൽ കോൺഗ്രസും മുസ്ലിം ലീഗുമൊെക്ക തെരഞ്ഞെടുപ്പിൽ വോട്ടഭ്യർഥന നടത്തിയത് അറബിമലയാളത്തിലാണ്. ആ കാലത്ത് മുസ്ലിം സ്ത്രീകൾക്കിടയിൽ മലയാളം അക്ഷരജ്ഞാനം കുറവായതാണ് കാരണം. എന്നാൽ, മുഴുവനാളുകൾക്കും അന്ന് അറബിമലയാളം നന്നായി അറിയുമായിരുന്നു.
മലയാള ഭാഷ അറബി ലിപിയിലെഴുതുന്നതാണ് അറബിമലയാളം. മുസ്ലിം സ്ത്രീകൾ മലയാളം പഠിക്കുന്നതിനെ സമുദായത്തിലെ നല്ലൊരു വിഭാഗം വിലക്കിയതിനാൽ അതിനെ മറികടക്കാനാണ് ഇങ്ങനെയൊരു ലിപി കണ്ടെത്തിയതും പ്രചാരണം നേടിയതും.
പ്രധാന മുസ്ലിം സാഹിത്യ കൃതികളും ചരിത്ര ഗ്രന്ഥങ്ങളും മതപഠനവുമൊക്കെ അന്ന് അറബിമലയാളത്തിലായിരുന്നു. മോയിൻകുട്ടി വൈദ്യരുടെ കൃതികളും കിസ്സപ്പാട്ടുകളും പക്ഷിപ്പാട്ടും കഥാപ്രസംഗ കൃതികളുമൊക്കെ സമുദായം പഠിച്ചെടുത്തത് ഇൗ ലിപിയിലൂടെയാണ്. മലയാളം എഴുതാനും വായിക്കാനുമറിയാത്തവർക്കും അറബിമലയാളം നല്ല ഗ്രാഹ്യമായിരുന്നു. ഇത് മുതലെടുക്കാനാണ് ലീഗും കോൺഗ്രസുമൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസുകളിൽ കൂടുതലും അറബിമലയാളത്തിൽ പുറത്തിറക്കിയത്.
കോൺഗ്രസ് നേതാവ് ഇ. മൊയ്തു മൗലവിയുടെയും ലീഗ് നേതാക്കളായ ഖാഇദെ മില്ലത്തിെൻറയും ബാഫഖി തങ്ങളുടെയും അറബിമലയാളത്തിലുള്ള വോട്ടഭ്യർഥന ഇൗ കാലത്ത് സർവസാധാരണമായിരുന്നു.
കേരളത്തിെൻറ രണ്ടാമത്തെ സ്പീക്കർ കെ.എം. സീതിസാഹിബ് അന്തരിച്ചതിനെ തുടർന്ന് 1961 സെപ്റ്റംബറിൽ നടന്ന കുറ്റിപ്പുറത്തെ ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി മുഹ്സിൻ ബിൻ അഹമ്മദിനു വേണ്ടി ബാഫഖി തങ്ങളുടെ അറബിമലയാളത്തിലുള്ള വോട്ടഭ്യർഥന ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.