സമസ്തയുടെ പേരിൽ വന്ന വിശദീകരണം 'ഗീബൽസിയൻ' നുണ, ഉമർ ഫൈസി പ്രയോഗിച്ചത് 'കള്ളന്മാര്‍' എന്ന ബഹുവചനം തന്നെയെന്നും ബഹാഉദ്ദീൻ നദ്‌വി
text_fieldsമലപ്പുറം: സമസ്ത മുശാവറ യോഗത്തിൽ നടന്ന ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് താനാണെന്ന പ്രചാരണം 'ഗീബൽസിയം' നയമനുസരിച്ചുള്ളതാണെന്ന് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. തർക്ക വിഷയത്തിൽ സമസ്തയുടേതെന്ന പേരിൽ പ്രചരിക്കുന്ന വിശദീകരണത്തിന് വസ്തുതയില്ലെന്നും ബഹാഉദ്ദീൻ നദ്‌വി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഉമര്‍ ഫൈസിയെ മാറ്റിനിർത്തി വിഷയം ചര്‍ച്ച ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നും, ഇതിലാണ് യോഗത്തില്‍ പൊട്ടിത്തെറി ഉണ്ടായെന്നും നിരവധി ചാനലുകൾ വാര്‍ത്തകൾ പുറത്തുവിട്ടിരുന്നു.
തന്റെ പേരില്‍ കല്ലുവെച്ച നുണ വ്യാപകമായി പ്രചരിപ്പിച്ചപ്പോള്‍ അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
സമസ്തയുടെ പേരില്‍ പുറത്തുവന്ന പ്രസ്താവന തന്റെ വിശദീകരണത്തിനു വിരുദ്ധമാണെന്ന് പലരും പറയുന്നു. ശരിയാണ്. വസ്തുതകളോടും യാഥാര്‍ഥ്യങ്ങളോടും ഒരുനിലക്കും നിരക്കാത്ത കാര്യം പ്രസിദ്ധപ്പെടുത്തുന്നതിനോട് എങ്ങനെ യോജിക്കാനാകും. കളവിനോട് സത്യവിശ്വാസി രാജിയാകരുതെന്നാണല്ലോ ഇസ്‌ലാമിക കല്‍പന. കയ്പ്പേറിയതാണെങ്കിൽ പോലും സത്യം തന്നെ പറയണമെന്നാണ് തിരുനബി(സ്വ)യുടെ അധ്യാപനമെന്നും സത്യസന്ധതയും സംഘടനാ വിശദീകരണവും വിരുദ്ധ ധ്രുവങ്ങളിലാവരുതല്ലോ ഒരിക്കലുമെന്നും ബഹാഉദ്ദീൻ നദ്‌വി ഫേസ്ബുക്കിൽ കുറിച്ചു.
ബഹാഉദ്ദീൻ നദ്‌വിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
" ബുധനാഴ്ച നടന്ന സമസ്ത മുശാവറ യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങള്‍ക്ക് ഞാനാണ് ചോര്‍ത്തിക്കൊടുത്തതെന്ന് ഒരു വിഭാഗം 'ഗീബൽസിയം നയ'മനുസരിച്ച് വ്യാപക പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ഉമര്‍ ഫൈസിയെ മാറ്റിനിർത്തി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടുവെന്നും, ഇവ്വിഷയകമായി യോഗത്തില്‍ പൊട്ടിത്തെറി ഉണ്ടായെന്നും നിരവധി ചാനലുകൾ വാര്‍ത്ത നേരത്തെ പുറത്തുവിട്ടിരുന്നു. എന്റെ പേരില്‍ കല്ലുവെച്ച നുണ വ്യാപകമായി പ്രചരിപ്പിച്ചപ്പോള്‍ അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തേണ്ടത് വ്യക്തിപരമായ ബാധ്യതയായിത്തീർന്നു. അത് നിര്‍വഹിക്കുക മാത്രമായിരുന്നു ഞാന്‍.
കള്ളന്മാര്‍ എന്നു ബഹുവചനം തന്നെ ഫൈസി യോഗത്തിൽ പ്രയോഗിച്ചിരുന്നു. അദ്ദേഹം അല്ലാത്ത മറ്റു മുശാവറ അംഗങ്ങളോട് ചോദിച്ചാല്‍ ഇതിന്റെ വസ്തുത അറിയാം. നിങ്ങളുടെ എന്താണ് ഞാൻ മോഷ്ടിച്ചത് എന്നു ചോദിച്ചപ്പോൾ, നിങ്ങള്‍ മോഷ്ടിച്ചു എന്നല്ല; കള്ളം പറഞ്ഞു എന്നാണുദ്ദേശിച്ചത് എന്നായിരുന്നു മറുപടി. അപ്പോൾ, ആ കള്ളന്മാരുടെ കൂട്ടത്തില്‍ താനും ഉള്‍പെടുമല്ലോ, അത് കൊണ്ട് ഇനി ഇവിടെ ഇരിക്കുന്നത് ശരിയല്ല എന്നു പറഞ്ഞാണ് ജിഫ്രി തങ്ങള്‍ യോഗത്തില്‍ നിന്നു ഇറങ്ങിപോയത്.
ആമുഖഭാഷണത്തില്‍ തന്നെ, അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ മാറി നില്‍ക്കണമെന്ന് യോഗാധ്യക്ഷൻ ജിഫ്രി തങ്ങള്‍ നിര്‍ദേശിച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷം തദ്വിഷയകമായി ചര്‍ച്ച തുടങ്ങാനിരിക്കെയും തങ്ങള്‍ അക്കാര്യം ഉണര്‍ത്തി. എന്നാല്‍ താന്‍ പോകില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം. തൽസമയം അധ്യക്ഷനെ പിന്തുണച്ച് സംസാരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. വസ്തുത ഇതായിരിക്കെ ഒരു രാത്രി കഴിഞ്ഞപ്പോഴേക്കും വിഷയം മറ്റൊരു തരത്തില്‍ അദ്ദേഹം വക്രീകരിക്കുകയുണ്ടായി: താന്‍ ഉദ്ദേശിച്ചത് മുശാവറ അംഗങ്ങളെ അല്ലെന്നും തന്റെ കാര്യത്തില്‍ ഹരജി നല്‍കിയവരെ സംബന്ധിച്ചാണ് പരാമര്‍ശം എന്നുമായിരുന്നു വിശദീകരണം! അദ്ദേഹത്തിനു അനുകൂലമായി ഹരജി നല്‍കിയവരും കള്ളന്മാരാണെന്നാണോ?!
എടവണ്ണപ്പാറയില്‍ താന്‍ ഉദ്ദേശിച്ചത് സ്വാദിഖ് അലി ശിഹാബ് തങ്ങളെ അല്ലെന്നാണ് ഇതുവരെയും അദ്ദേഹം നിരന്തരമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഖാസി ഫൗണ്ടേഷൻ ഉൾപ്പെടെ പേരെടുത്തു പറഞ്ഞ ശേഷമാണ് അതല്ല ഉദ്ദേശ്യമെന്നു പറഞ്ഞത്! അങ്ങനെയാണെങ്കില്‍ പിന്നെ ആരെയാണ് ഉദ്ദേശിച്ചതെന്നു വ്യക്തമാക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. ബോധ്യപ്പെടേണ്ട അവകാശം പൊതുസമൂഹത്തിനും.
സമസ്തയുടെ പേരില്‍ പുറത്തുവന്ന പ്രസ്താവന എന്റെ വിശദീകരണത്തിനു വിരുദ്ധമാണെന്ന് പലരും പറയുന്നു. ശരിയാണ്. വസ്തുതകളോടും യാഥാര്‍ഥ്യങ്ങളോടും ഒരുനിലക്കും നിരക്കാത്ത കാര്യം പ്രസിദ്ധപ്പെടുത്തുന്നതിനോട് എങ്ങനെ യോജിക്കാനാകും? കളവിനോട് സത്യവിശ്വാസി രാജിയാകരുതെന്നാണല്ലോ ഇസ്‌ലാമിക കല്‍പന. കയ്പ്പേറിയതാണെങ്കിൽ പോലും സത്യം തന്നെ പറയണമെന്നാണ് തിരുനബി(സ്വ)യുടെ അധ്യാപനം. സത്യസന്ധതയും സംഘടനാ വിശദീകരണവും വിരുദ്ധ ധ്രുവങ്ങളിലാവരുതല്ലോ ഒരിക്കലും.
സമസ്തയുടെ തനിമയും പാരമ്പര്യവും വളരെ പവിത്രമായി എക്കാലത്തും ഇവിടെ നിലനില്‍ക്കേണ്ടതുണ്ട്. മുൻഗാമികൾ കാണിച്ചുതന്ന പാതയിൽ ജാഗ്രതയോടെ മുന്നോട്ടുപോവണം നമുക്ക്. സര്‍വശക്തന്റെ അനുഗ്രഹങ്ങളുണ്ടാകട്ടെ.
'അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമനുസരിച്ച് മനുഷ്യര്‍ക്കിടയില്‍ വിധികല്‍പിക്കാനാണ് സത്യസമേതം താങ്കള്‍ക്ക് നാം ഈ ഖുര്‍ആന്‍ അവതരിപ്പിച്ചു തന്നിരിക്കുന്നത്; വഞ്ചകന്മാര്‍ക്കു വേണ്ടി വാദിക്കുന്നവനാകരുത് താങ്കള്‍ ' (വി.ഖു 4:105)".
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.