അഭിഭാഷകന് അസുഖം; ബിനീഷിന്‍റെ ജാമ്യഹരജി ജൂൺ 25ലേക്ക് മാറ്റി
text_fieldsബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂൺ 25ലേക്ക് മാറ്റി. ബിനീഷിന്‍റെ അഭിഭാഷകന് അസുഖം ബാധിച്ചതിനാൽ ബുധനാഴ്ച ഹാജരാകാൻ കഴിയില്ലെന്നും ഹരജി മറ്റൊരു ദിവസം പരിഗണിക്കണമെന്നുമുള്ള ആവശ്യം ഹൈകോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) വേണ്ടി ഹാജരാകാറുള്ള അഡീ.സോളിസിറ്റർ ജനറലിന് കോവിഡ് ബാധിച്ചതിനാൽ ഇ.ഡിയുടെ അപേക്ഷ പരിഗണിച്ച് രണ്ടുതവണ ഹരജി മാറ്റിയിരുന്നു.
അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന് കോവിഡ് ബാധിച്ചതിനാൽ ഹരജി ജൂൺ 14ലേക്ക് മാറ്റിവെക്കണമെന്ന് ജൂൺ രണ്ടിന് കോടതിയിൽ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹരജി പരിഗണിക്കുന്നത് ഒമ്പതിലേക്കാണ് അന്ന് കോടതി മാറ്റിയത്. എസ്.വി രാജു കോവിഡ് മുക്തനായി തിരിച്ചെത്താത്തതിനാൽ ഹരജി പരിഗണിക്കുന്നത് മാറ്റണമെന്ന് ഇ.ഡി കോടതിയിൽ ആവർത്തിച്ചു. ഇത് പരിഗണിച്ച കോടതി ഹരജി പരിഗണിക്കുന്നത് ജൂൺ 16ലേക്ക് മാറ്റുകയായിരുന്നു.
അഡീഷനൽ സോളിസിറ്റർ ജനറലിന് ഹാജരാവാൻ കഴിയുന്നതുവരെ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയ അഞ്ചുകോടിയിലേറെ രൂപയുടെ സ്രോതസ്സ് സംബന്ധിച്ച എല്ലാ രേഖകളും ഹൈകോടതിയിൽ സമർപ്പിച്ചതായി ബിനീഷിന്‍റെ അഭിഭാഷകരിലൊരാളായ അഡ്വ. രഞ്ജിത് ശങ്കർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. നവംബര്‍ 11നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.