നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം
text_fieldsന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വർഷങ്ങളായി ജാമ്യാപേക്ഷ സമർപ്പിച്ചുകൊണ്ടിരുന്ന പൾസർ സുനി ഹൈകോടതിയിൽ നിന്നും അനുകൂല ജാമ്യം ലഭിക്കാതെ വന്നതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കേസിൽ 2017 ഫെബ്രുവരി മുതൽ ജയിലിലാണ് സുനി. വിചാരണ നീണ്ടു പോകുന്നതിനാലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അനന്തമായി ഒരാളെ ജയിലിലടക്കാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരാഴ്ചക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വിചാരണ നടപടികൾ നീണ്ടുപോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ കേസിലെ വിചാരണ അവസാനിപ്പിച്ചുവെന്നായിരുന്നു സർക്കാറിന്റെ മറുപടി.
ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി, ആഗസ്റ്റ് 27ന് മുമ്പ് പൾസർ സുനിയുടെ കാര്യത്തിലുള്ള മറുപടി സത്യവാങ്മൂലം സമർപ്പിക്കണം എന്ന് സംസ്ഥാനത്തിനയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ പൾസർ സുനി മാത്രമാണ് ജയിലിൽ കഴിയുന്നതെന്ന് അഭിഭാഷകരായ പരമേശ്വറും ശ്രീറാം പറക്കാടും ചൂണ്ടിക്കാട്ടി.നടൻ ദിലീപിന് വേണ്ടി നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ എടുത്തുവെന്നായിരുന്നു പൾസർ സുനി മൊഴി നൽകിയത്.
ദിലീപ് ഉൾപ്പെടെയുള്ള മറ്റു പ്രതികൾ പുറത്താണ്. 2017 മുതൽ ഒരിക്കൽപ്പോലും ജാമ്യം ലഭിച്ചിട്ടില്ല. ഇത് എന്തുതരം സമീപനമാണെന്നും അഭിഭാഷകർ ചോദിച്ചു. ഇതേ ചോദ്യം തന്നെ സുപ്രീംകോടതി ഹൈകോടതിയോട് ചോദിച്ചു. ഹൈകോടതിയുടേത് എന്തുതരം സമീപനമാണെന്ന് ചോദിച്ച സുപ്രീംകോടതി, നിരന്തരമായി ജാമ്യാപേക്ഷ സമർപ്പിച്ചുവെന്ന കുറ്റത്തിന് ചുമത്തിയ പിഴ സ്റ്റേ ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.