നായ്ക്കുട്ടിയെ മോഷ്ടിച്ച എന്‍ജിനിയറിങ്ങ് വിദ്യാർഥികൾക്ക് ജാമ്യം; കേസിന് താൽപര്യമില്ലെന്ന് കടയുടമ
text_fieldsകൊച്ചി: പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുട്ടിയെ മോഷ്ട്ടിച്ച കേസിലെ പ്രതികളായ എന്‍ജിനിയറിങ്ങ് വിദ്യാർഥികൾക്ക് ജാമ്യം. കർണാടക സ്വദേശികളായ നിഖില്‍(23), ശ്രേയ എന്നിവര്‍ക്കാണ് എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം നല്‍കിയത്. കേസുമായി മുന്നോട്ടുപോവാൻ താൽപര്യമില്ലെന്ന് നെട്ടൂരിലെ പെറ്റ്സ് ഹൈവ് ഉടമ മുഹമ്മദ് ബസിത് കോടതിയെ അറിയിച്ചു. നായ്ക്കുട്ടിയെ പിന്നീട് ബസിതിന് വിട്ടുനൽകി.
പെറ്റ്സ് ഹൈവിൽ നിന്നു കഴിഞ്ഞ മാസം 28ന് രാത്രിയാണ് 45 ദിവസം പ്രായമായ സ്വിഫ്റ്റർ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ വിദ്യാർഥികൾ മോഷ്ടിച്ചത്. വാരാന്ത്യം ആഘോഷിക്കാൻ കേരളത്തിൽ എത്തിയതായിരുന്നു ഇരുവരും. പൂച്ച കുട്ടിയെ വാങ്ങിക്കുമോ എന്ന് ചോദിച്ച് കടയിലെത്തിയ ഇവർ, ജീവനക്കാരന്‍റെ കണ്ണുവെട്ടിച്ച് 15000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെൽമറ്റിനുള്ളിലാക്കി കടന്നുകളയുകയായിരുന്നു.
എന്നാൽ, സി.സി.ടി.വി കാമറയിൽ മോഷണദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. സൈബർ സെല്ലിന്‍റെ സഹായത്തോടെ കർണാടകയിലെ കർക്കലയിൽ നിന്നു ബുധനാഴ്ചയാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. വിദ്യാർഥികളുടെ ഹിന്ദിയിലുള്ള സംസാരമാണ് കേരളത്തിന് പുറത്തേക്കുള്ള അന്വേഷണത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.