കൊടി സുനിക്ക് ജാമ്യം: മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു -കെ.കെ. രമ
text_fieldsവടകര: ടി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ നൽകിയത് അംഗീകരിക്കാനാവില്ലെന്നും പ്രതിക്ക് ജാമ്യം ലഭിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നും കെ.കെ. രമ എം.എൽ.എ. നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. പരോളിന് കത്ത് നൽകാൻ മനുഷ്യാവകാശ കമീഷന് എന്തവകാശമാണുള്ളതെന്നും അവർ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടാണ് പരോൾ ലഭ്യമാക്കിയത്. ജയിലിനകത്തും പുറത്തും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രതിക്ക് പരോൾ ലഭ്യമാക്കാൻ ഭരണസംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. പൊലീസ് റിപ്പോർട്ടുകളും ജയിൽ പ്രബേഷനറി ഓഫിസറുടെ റിപ്പോർട്ടും മറികടന്ന് പ്രതിയെ പുറത്തുകൊണ്ടുവരുകയാണ് ഉണ്ടായതെന്നും നിയമപോരാട്ടം തുടരുമെന്നും എം.എൽ.എ പറഞ്ഞു.
30 ദിവസത്തെ പരോളാണിപ്പോൾ കൊടി സുനിക്ക് അനുവദിച്ചത്. സുനിയുടെ മാതാവ് മനുഷ്യാവകാശ കമീഷനെ സമീപിച്ചതോടെയാണ് പരോൾ അനുവദിച്ചത്. ഈ മാസം 28ന് സുനി പുറത്തിറങ്ങി. അഞ്ച് വർഷത്തിനുശേഷമാണ് പരോൾ ലഭിക്കുന്നത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും പരോൾ അനുവദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.