എയർഗണുമായി കുട്ടികൾക്കൊപ്പം സഞ്ചരിച്ച സമീറിന് ജാമ്യം
text_fieldsകാസർകോട്: തെരുവ് നായ് ശല്യം കണക്കിലെടുത്ത് മദ്റസ വിദ്യാർഥികൾക്ക് എയർഗണുമായി കാവൽ പോയ ബേക്കൽ ഹദ്ദാദ് നഗറിലെ ടി. സമീറിന് ജാമ്യം. സമൂഹത്തിൽ ലഹള സൃഷ്ടിക്കാനുതകുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ ബേക്കൽ പൊലീസാണ് ജാമ്യം നൽകിയത്. ഇദ്ദേഹം ഉപയോഗിച്ച എയർഗണും വിഡിയോ ചിത്രീകരിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ഇവ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ഐ.എൻ.എൽ ഉദുമ മണ്ഡലം പ്രസിഡന്റായ ടി. സമീർ, ജില്ല ഭാരവാഹികൾക്കൊപ്പമാണ് ശനിയാഴ്ച ബേക്കൽ സ്റ്റേഷനിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സ്വന്തം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. തോക്ക് പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഇദ്ദേഹത്തെ അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് മദ്റസയിൽ പോകുന്ന കുട്ടികൾക്കു മുന്നിൽ തോക്കുമായി 40കാരനായ യുവാവ് സഞ്ചരിച്ചത്. തെരുവ് നായ് ശല്യം കാരണം മദ്റസയിൽ പോകാൻ മടിച്ചതിനാൽ കുട്ടികൾക്ക് ധൈര്യം നൽകാനാണ് എയർ ഗൺ ഉപയോഗിച്ചത്. കൗതുകത്തിന് മകൻ ഈ വിഡിയോ മൊബൈലിൽ പകർത്തി. നിമിഷങ്ങൾക്കകം നാട്ടിലെ വാട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും പ്രചരിച്ചു. മാധ്യമങ്ങളിൽ വാർത്തയുമായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ലഹള സൃഷ്ടിക്കാനുള്ള 350 വകുപ്പ് എന്തിനെന്ന് അറിയില്ലെന്ന് യുവാവ് പറഞ്ഞു. നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്നതാണ് വിഡിയോ എന്നും എല്ലാവരും ഇങ്ങനെ വിഡിയോ ചിത്രീകരിക്കുന്നത് ലഹളക്ക് കാരണമാകുമെന്നാണ് പൊലീസ് നൽകിയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.