ജാമ്യഹരജി; കീഴ്കോടതികൾക്ക് ഹൈകോടതി നിർദേശം നൽകി
text_fieldsകൊച്ചി: ജാമ്യഹരജികൾ പരിഗണനക്കെടുത്ത് ഏഴു ദിവസത്തിനുള്ളിൽ വിധി പറയണമെന്നും വൈകിയാൽ കാരണമെന്തെന്ന് ഉത്തരവിൽ വ്യക്തമാക്കണമെന്നും കീഴ്ക്കോടതികൾക്ക് ഹൈകോടതി നിർദേശം. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കേരള ക്രിമിനൽ റൂൾസ് ഓഫ് പ്രാക്ടീസ് ചട്ടത്തിൽ വരുത്തിയ ഭേദഗതി അനുസരിച്ചാണ് ഹൈകോടതി ഭരണ വിഭാഗം ഈ നിർദേശം നൽകിയത്.
ജാമ്യാപേക്ഷകളിൽ പ്രോസിക്യൂഷനോട് വിശദീകരണ പത്രിക ആവശ്യപ്പെടാം. പൊലീസ് റിപ്പോർട്ട്, വിശദീകരണ പത്രിക, വിധി എന്നിവയുടെ പകർപ്പുകൾ കഴിയുന്നതും ജാമ്യാപേക്ഷയിൽ വിധി പറയുന്ന ദിവസംതന്നെ പ്രതിക്ക് സൗജന്യമായി നൽകണം.
മൊഴി രേഖപ്പെടുത്തുമ്പോൾ ഖണ്ഡിക തിരിച്ച് നമ്പർ നൽകണം. വിചാരണ നടപടികൾ വേഗത്തിലാക്കാനും നിർദേശമുണ്ട്. സാക്ഷി വിസ്താരം ആരംഭിച്ചാൽ എല്ലാ ദിവസവും അത് തുടരണം. അങ്ങനെ കഴിഞ്ഞില്ലെങ്കിൽ കാരണം ബോധ്യപ്പെടുത്തണം. സാക്ഷി വിസ്താരത്തിന് സമയക്രമം ഉണ്ടാക്കണം.
ഒരേ ദിവസംതന്നെ സാക്ഷി വിസ്താരവും ക്രോസ് വിസ്താരവും നടത്താൻ ശ്രമിക്കണമെന്നും കീഴ്കോടതികൾക്ക് അയച്ച മാർഗരേഖയിൽ ഹൈകോടതി ആവശ്യപ്പെട്ടു.
ജില്ല ജഡ്ജിമാർക്കായി നൽകിയ നിർദേശത്തിൽ ഇതിന്റെ പകർപ്പ് എല്ലാ ക്രിമിനൽ കോടതികൾക്കും നൽകണമെന്ന് രജിസ്ട്രാർ ജനറൽ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.