ബെയ്ലി പാലം ഇന്ന് പൂർത്തിയാകും; രക്ഷാപ്രവർത്തനം എളുപ്പമാകും
text_fieldsചൂരൽമല (വയനാട്): ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽനിന്ന് നിർമിക്കുന്ന താൽക്കാലിക പാലം (ബെയ്ലി പാലം) വ്യാഴാഴ്ച വൈകീട്ടോടെ പൂർത്തിയാകും. 190 അടി നീളത്തിലാണ് പാലം നിർമിക്കുന്നത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും. ചൂരൽമല അങ്ങാടിയോട് ചേർന്നുള്ള കോൺക്രീറ്റ് പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതോടെയാണ് ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ ഒറ്റപ്പെട്ടത്.
നീളം കൂടുതലായതിനാൽ പുഴക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് സൈന്യം പാലം നിർമിക്കുന്നത്. ഡൽഹിയിൽനിന്നും ബംഗളൂരുവിൽനിന്നുമാണ് പാലം നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ എത്തിക്കുന്നത്. ഡൽഹിയിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന സാമഗ്രികൾ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരുന്നത്. നൂറോളം സൈനികരാണ് പാലം നിർമാണത്തിൽ പങ്കാളിയാവുന്നത്. ബംഗളൂരുവിൽനിന്ന് രക്ഷാദൗത്യത്തിന് വേണ്ട സാമഗ്രികളും ചൂരൽമലയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
കേരള ആൻഡ് കർണാടക സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറൽ വി.ടി. മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. കരസേനയുടെ 100 പേർകൂടി രക്ഷാദൗത്യത്തിന് ഉടൻ ദുരന്തമുഖത്ത് എത്തും.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്നിഫർ നായ്ക്കൾ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയിൽ എത്തി.
മീററ്റിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇവ കണ്ണൂർ വിമാനത്താവളം വഴിയാണ് ദുരന്ത മേഖലയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.