ബൈത്തുസ്സകാത് സ്വയംതൊഴിൽ പ്രഖ്യാപനവും തൊഴിലുപകരണ വിതരണവും: ‘സകാത് നൽകുന്നവന്റെ ഔദാര്യമല്ല, അർഹരുടെ അവകാശം’
text_fieldsപെരിന്തൽമണ്ണ: കേരള ബൈത്തുസ്സകാത് സംരംഭത്തിന്റെ സ്വയംതൊഴിൽ പ്രഖ്യാപനവും തൊഴിലുപകരണങ്ങളുടെ വിതരണവും പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ നടത്തി. ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര ശൂറാ അഗം എം.ഐ. അബ്ദുൽ അസീസ് പദ്ധതി പ്രഖ്യാപനം നിർവഹിച്ചു. സമൂഹത്തിലെ സമ്പന്നരിൽനിന്ന് അധികാരപ്പെട്ടവർ ധനം പിടിച്ചെടുത്ത് അർഹർക്ക് നൽകുന്നതാണ് സകാത് സംവിധാനമെന്നും അത് നൽകുന്നവന്റെ ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അവകാശം കൈപ്പറ്റുന്ന ആത്മാഭിമാനത്തോടെയാണ് അർഹർ ഇത് കൈപ്പറ്റേണ്ടത്.
ഇസ്‍ലാമിക വിശ്വാസത്തിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രധാനപ്പെട്ട നമസ്കാരംപോലെയാണ് വിശ്വാസികൾക്ക് സകാത്. ഭരണകൂടമാണിത് ചെയ്യേണ്ടതെന്ന് പറയുന്നവർ നിർബന്ധിത നമസ്കാരത്തിന്റെ കാര്യത്തിൽ ഈ നിലപാടെടുക്കാറില്ല. കൃത്യമായ പരിശോധനകൾക്ക് വിധേയമായാണ് ബൈത്തുസ്സകാത് പ്രവർത്തനം. ഒരു രൂപ പോലും സംഘടന പ്രവർത്തനത്തിന് അതിൽനിന്ന് വിനിയോഗിച്ചിട്ടില്ലെന്നും ഇനിയും അങ്ങനെത്തന്നെ തുടരുമെന്നും എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
32 പേർക്ക് സ്വയംതൊഴിൽ സംരംഭമായി, ഓട്ടോറിക്ഷ വിതരണം നജീബ് കാന്തപുരം എം.എൽ.എ വണ്ടൂർ ഏരിയ കോഓഡിനേറ്റർ മൻസൂറിന് നൽകി നിർവഹിച്ചു. സമ്പത്ത് കുന്നുകൂടുന്നതാണ് കാലഘട്ടത്തിന്റെ വലിയ പ്രശ്നമെന്നും സമ്പത്തിന്റെ വിനിമയം മനുഷ്യപക്ഷത്തേക്ക് കേന്ദ്രീകരിക്കണമെന്നും ഇസ്‍ലാമിക സാമ്പത്തികക്രമം അതാണ് വിഭാവന ചെയ്യുന്നതെന്നും നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. ഏതുവിധേനയും ലാഭമുണ്ടാക്കുകയെന്ന മുതലാളിത്ത കച്ചവട താൽപര്യത്തിന് നേർവിരുദ്ധമാണ് ഈ സാമ്പത്തിക ക്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോട്ട് എൻജിനുകളുടെ വിതരണോദ്ഘാടനം വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലവും മത്സ്യത്തൊഴിലാളികൾക്കുള്ള വഞ്ചിയും വലയും വിതരണോദ്ഘാടനം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ വി.ടി. അബ്ദുല്ലക്കോയ തങ്ങളും ചെറുകിട സംരംഭം വിതരണോദ്ഘാടനം കിംസ് അൽശിഫ ആശുപത്രി വൈസ് ചെയർമാൻ ഡോ. പി. ഉണ്ണീനും നിർവഹിച്ചു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള ബൈത്തുസ്സകാത് ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന് ബൈത്തുസ്സകാത്, പീപ്പിൾസ് ഫൗണ്ടേഷൻ എന്നിവയുടെ പ്രവർത്തനങ്ങളും ധനവിനിയോഗവും വിശദീകരിച്ചു. 2000 ഒക്ടോബറിൽ ആരംഭിച്ച കേരള ബൈത്തുസ്സകാതിന്റെ പ്രവർത്തനം ധനത്തിന്റെ ഉടമ പ്രപഞ്ച സൃഷ്ടാവാണെന്നും കൈകാര്യ കർത്താവ് മാത്രമാണ് മനുഷ്യനെന്നുമുള്ള ഇസ്‍ലാമിന്റെ അടിസ്ഥാന വിശ്വാസത്തിൽനിന്നുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസം, ചികിത്സ, പുനരധിവാസം എന്നിവക്ക് സഹായം നൽകിവരുന്നതായി അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് ഡോ. നഹാസ് മാള, സെക്രട്ടറി കെ.പി. അബൂബക്കർ, കെ. അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു. ടി.പി. സ്വാലിഹ് ‘ഖുർആനിൽനിന്ന്’ അവതരിപ്പിച്ചു.
MPG AB 2: പെരിന്തൽമണ്ണയിൽ നടന്ന ബൈത്തുസ്സകാത് കേരള സ്വയംതൊഴിൽ പദ്ധതികളുടെ പ്രഖ്യാപന വേദിയിൽ 32 പേർക്കുള്ള ഓട്ടോകളുടെ വിതരണോദ്ഘാടനം വണ്ടൂർ ഏരിയ കോഓഡിനേറ്റർ മൻസൂറിന് നൽകി നജീബ് കാന്തപുരം എം.എൽ.എ നിർവഹിക്കുന്നു. ഹമീദ് വാണിയമ്പലം, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.ടി. അബ്ദുല്ല കോയ തങ്ങൾ, ഡോ. യഹ് യ, ഡോ. നഹാസ് മാള, അബ്ദുറഹീം പുത്തനത്താണി, ഡോ. പി. ഉണ്ണീൻ, എം.ഐ. അബ്ദുൽ അസീസ് തുടങ്ങിയവർ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.