ബാലഭാസ്കറും മകളും മരിച്ച സംഭവം: തനിക്കൊന്നും ഓർമയില്ലെന്ന് ഡ്രൈവറുടെ മൊഴി
text_fieldsതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും മകളും അപകടത്തിൽ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചിരുന്നത് ആരായിരുെന്നന്ന് തനിക്ക് ഓർമയില്ലെന്ന് ഡ്രൈവർ അർജുെൻറ മൊഴി. തൃശൂരിൽനിന്ന് കൊല്ലംവരെ താനാണ് കാർ ഓടിച്ചിരുന്നത്.
പുലർച്ച മൂന്നുമണിയോടെ ക്ഷീണംമൂലം കൊല്ലത്തെ ഒരു കടയിൽ ജ്യൂസ് കുടിക്കാൻ കയറി. അതിനുശേഷം സംഭവിച്ചതൊന്നും തനിക്ക് ഓർമയില്ലെന്നാണ് ഡ്രൈവർ അർജുൻ മംഗലപുരം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
അതേസമയം ഡ്രൈവറുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വരും ദിവസങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് മംഗലപുരം പൊലീസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായ അർജുനെ ബന്ധുക്കൾ ഇന്നലെ തുടർചികിത്സക്കായി തൃശൂരിലേക്ക് കൊണ്ടുപോയി.
വഴിപാടുകൾക്കായി സെപ്റ്റംബർ 23നാണ് ബാലഭാസ്കറും കുടുംബവും തൃശൂരിലേക്ക് പോയത്. ക്ഷേത്രദർശനം കഴിഞ്ഞ് 24ന് രാത്രിയോടെ തിരുമലയിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ് ജങ്ഷനു സമീപം 25ന് പുലർച്ച നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.
അപടത്തിൽ മകൾ തേജസ്വിനി ബാല (രണ്ട്) തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.