ബാലഭാസ്കറിന്‍റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ; അർജുനെതിരെ കുറ്റപത്രം, സോബിക്കെതിരെയും കേസ്
text_fieldsതിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ. ബാലഭാസ്കറിന്‍റേത് അപകട മരണമാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തൽ ശരിവെച്ച് സി.ബി.ഐ കുറ്റപത്രം. വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
അമിത വേഗതയിലും അശ്രദ്ധയോടെയും അർജുൻ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സി.ബി.ഐ കണ്ടെത്തി. തെറ്റായ വിവരങ്ങൾ നൽകിയതിന് കലാഭവൻ സോബിക്കെതിരെ കേസെടുക്കും.
132ഓളം സാക്ഷിമൊഴികൾ രേഖപ്പെടുത്തി. നൂറിലധികം രേഖകളും അന്വേഷണ സംഘം പരിശോധിച്ചു. ശാസ്ത്രീയ തെളിവുകളടക്കം പരിശോധിച്ചാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, സിബിഐ കണ്ടെത്തലിൽ സംതൃപ്തിയില്ലെന്ന് ബാലഭാസ്കറിന്‍റെ പിതാവ് ഉണ്ണി വ്യക്തമാക്കി.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബാലഭാസ്കറിന്‍റെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. സ്വർണക്കടത്തുമായി മരണത്തിന് ബന്ധമുണ്ടെന്ന തരത്തിൽ ആരോപണങ്ങളും ഉയർന്നിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് ബാലഭാസ്കറിന്‍റേത് അപകട മരണമാണെന്ന നിഗമനത്തിൽ സി.ബി.ഐ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.