ബാലഭാസ്കറിന്റെ മരണം: ഗൂഢാലോചനയില്ലെന്ന് സി.ബി.ഐ
text_fieldsകൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്ന് സി.ബി.ഐ ഹൈകോടതിയിൽ. ഡ്രൈവറുടെ അശ്രദ്ധയാലുണ്ടായ അപകടത്തിലാണ് മരണമുണ്ടായതെന്നും സി.ബി.ഐ വ്യക്തമാക്കി. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹരജിയിലാണ് വിശദീകരണം. വാദം പൂർത്തിയാക്കിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജി വിധി പറയാൻ മാറ്റി.
അതേസമയം, തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന വിചാരണ നിർത്തിവെക്കണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് കോടതി വ്യക്തമാക്കി.ബാലഭാസ്കറിനെയും മറ്റും ആരും ആക്രമിക്കുന്നത് കണ്ടതായി അപകടത്തിൽപെട്ട കാറിന് പിന്നാലെ സംഭവസ്ഥലത്തെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ നൽകിയ മൊഴിയിലില്ലെന്ന് സി.ബി.ഐയുടെ വിശദീകരണത്തിൽ പറയുന്നു. കാറിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യയും ഇങ്ങനൊരു പരാതി ഉന്നയിച്ചിട്ടില്ല. മൂന്ന് സാക്ഷികളെ ഇതുവരെ വിസ്തരിച്ചു. ശരിയായ രീതിയിലുള്ള അന്വേഷണമാണ് നടത്തിയത്.
അപകട സ്ഥലത്ത് സംഗീത പ്രമുഖനെ കണ്ടെന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ്. ഈ വെളിപ്പെടുത്തൽ വാസ്തവ വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ കേസിന്റെ വിചാരണ തുടരാൻ അനുവദിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. 2019 സെപ്റ്റംബർ 25ന് പുലർച്ചയാണ് കാർ അപകത്തിൽപെട്ട് ബാലഭാസ്കറും മകളും മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.