ദിലീപിനോട് സഹായം ചോദിക്കുന്ന ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖ പുറത്ത്; രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്ന് ബാലചന്ദ്രകുമാർ
text_fieldsകൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈകോടതി തിങ്കളാഴ്ച വിധി പറയാനിരിക്കെ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ഓഡിയോ പുറത്ത്. വാട്സ്ആപ് സന്ദേശമായി ബാലചന്ദ്രകുമാർ തനിക്ക് അയച്ചെന്ന് അവകാശപ്പെട്ട് ദിലീപ് കോടതിയിൽ ഹാജരാക്കിയ ശബ്ദരേഖയാണ് പുറത്തുവന്നത്.
താൻ കടംവാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നാണ് ഓഡിയോയിൽ ആവശ്യപ്പെടുന്നത്. 2021 ഏപ്രിൽ 14ന് അയച്ച സന്ദേശമാണിതെന്നാണ് വിശദീകരണം. ബാലചന്ദ്രകുമാർ ആവശ്യപ്പെട്ട ഇക്കാര്യം ചെയ്യാത്തത് കൊണ്ടാണ് തനിക്കെതിരെ കെട്ടിച്ചമച്ച തെളിവുകളുമായി എത്തിയതെന്നായിരുന്നു ദിലീപിന്റെ ആരോപണം. അടുത്ത സുഹൃത്തും അമേരിക്കയിൽ താമസക്കാരനുമായ വ്യക്തിക്ക് 10 ലക്ഷം രൂപയും സുഹൃത്തിന്റെ ഇറ്റലിയിൽ താമസിക്കുന്ന അമ്മക്ക് എട്ടര ലക്ഷം രൂപയുമാണ് നൽകാനുള്ളത്. വീട് നിർമാണ ആവശ്യത്തിനായാണ് പണം വാങ്ങിയത്. പറഞ്ഞ അവധികൾ കഴിഞ്ഞിട്ട് നാളുകളേറെയായി. വിഡിയോ കാളിൽ ദിലീപ് തനിക്ക് വേണ്ടി രണ്ടുപേരോടും സംസാരിക്കണം. തന്റെ ചിത്രം മൂന്നു നാലു മാസത്തിനുള്ളിൽ ആരംഭിക്കും അതുവരെ അവധി നൽകണമെന്നുമാണ് ആവശ്യം. അതേസമയം, രക്ഷപ്പെടാനുള്ള ഒരു പ്രതിയുടെ അവസാനത്തെ ശ്രമമാണിതെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു. ദിലീപ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിന്റെ പൂർണരൂപം ഉടൻ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.