ബാലകൃഷ്ണപിള്ള പെൺമക്കൾക്കാണ് കൂടുതൽ സ്വത്ത് നൽകിയത് -ശരണ്യ മനോജ്
text_fieldsകൊട്ടാരക്കര: ആർ. ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട വിൽപത്ര വിവാദത്തിൽ കെ.ബി. ഗണേഷ് കുമാറിനെ പിന്തുണച്ച് ശരണ്യ മനോജ്. ബാലകൃഷ്ണപിള്ള സ്വന്തം നിലയിലാണ് വിൽപത്രം തയാറാക്കിയതെന്നും പെൺമക്കൾക്കാണ് അദ്ദേഹം കൂടുതൽ സ്വത്ത് നൽകിയതെന്നും ശരണ്യ മനോജ് പറഞ്ഞു.
ഇപ്പോഴത്തെ വിവാദങ്ങൾ ഗണേഷിന്‍റെ രാഷ്ട്രീയ ഭാവി തകർക്കാനാണ്. ഗണേഷ് കുമാറുമായുള്ള വിയോജിപ്പുകൾ നിലനിർത്തി കൊണ്ടാണ് വിൽപത്ര വിഷയത്തിൽ ഗണേഷിന് പിന്തുണക്കുന്നതെന്നും ശരണ്യ മനോജ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
ആർ. ബാലകൃഷ്ണപിള്ളയുടെ സ്വത്ത് സംബന്ധിച്ച തർക്കം ചൂണ്ടിക്കാട്ടി മൂത്ത സഹോദരി ഉഷ മോഹൻദാസ് ഉന്നയിച്ച പരാതിയിൽ കേരള കോൺഗ്രസ് ബിയുടെ ഏക എം.എൽ.എയായ കെ.ബി. ഗണേഷ് കുമാറിന്‍റെ മന്ത്രിസഭാ പ്രവേശനം തടസപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരെ നേരിൽ സന്ദർശിച്ചാണ് ഗണേഷിനെതിരായ പരാതി ഉഷ ഉന്നയിച്ചത്.
കൊട്ടാരക്കരയിലും പത്തനാപുരത്തുമായി കോടിക്കണക്കിന് രൂപയുടെ സ്വത്താണ് മേയ് മൂന്നിന് അന്തരിച്ച ആർ. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ളത്. ഈ സ്വത്ത് വീതംവെക്കുന്നത് സംബന്ധിച്ച തയാറാക്കിയ വിൽപത്രത്തിൽ ചില കളികൾ നടന്നുവെന്നാണ് ആരോപണം. ഇതിന് പിന്നിൽ സഹോദരൻ ഗണേഷ് കുമാറാണെന്നാണ് ഉഷ പറയുന്നത്. കൂടാതെ, അതിന്‍റെ തെളിവുകൾ ഉഷ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കേരള കോൺഗ്രസ് ബിക്ക് ആദ്യ ടേമിലും ജനാധിപത്യ കേരള കോൺഗ്രസിന് രണ്ടാമത്തെ ടേമിലും പിണറായി മന്ത്രിസഭയിൽ അംഗമാകാനാണ് എൽ.ഡി.എഫിൽ ധാരണയായത്. എന്നാൽ, ഗണേഷ് കുമാറിന്‍റെ സഹോദരിയുടെ ഇടപെടലോടെ സ്ഥിതിഗതികൾ മാറിമറിയുകയായിരുന്നു. തുടർന്ന്, ജനാധിപത്യ കേരള കോൺഗ്രസിന്‍റെ ഏക എം.എൽ.എ ആന്‍റണി രാജുവിനോട് ആദ്യ ടേമിൽ മന്ത്രിസഭാംഗമാകാൻ എൽ.ഡി.എഫ് നിർദേശിക്കുകയായിരുന്നു.
2001 മുതൽ പത്തനാപുരം സിറ്റിങ് എം.എൽ.എയായ ഗണേഷ് കുമാർ 2011ൽ ഉമ്മൻ ചാണ്ടി സർക്കാറിൽ അംഗമായിരുന്നു. എന്നാൽ, ആദ്യഭാര്യ ഡോ. യാമിനി തങ്കച്ചി നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് 2013 ഏപ്രിലിൽ രാജിവെക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.