'ബാലകൃഷ്ണ പിള്ളയുടെ വിയോഗം കേരള രാഷ്ട്രീയത്തിന്‍റെ നഷ്ടം'; അനുശോചിച്ച് പിണറായിയും ചെന്നിത്തലയും
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു.
'നിരവധി പതിറ്റാണ്ടുകൾ കേരള രാഷ്ട്രീയത്തിൽ സമഗ്രതയോടെ ഉയർന്നുനിന്ന സമുന്നത വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപിള്ളയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'കേരള നിയമസഭയിലും പാർലമെന്‍റിലും കേരളത്തിന്‍റെ ശബ്ദം ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ എന്നും ശ്രദ്ധേയമായ പങ്കുവഹിച്ചു. ഉജ്ജ്വല വാഗ്മി, മികവുറ്റ സംഘാടകൻ, സമർത്ഥനായ നിയമസഭ സാമാജികൻ എന്നിങ്ങനെ വിവിധങ്ങളായ തലങ്ങളിൽ ശ്രദ്ധേയനായിരുന്നു ബാലകൃഷ്ണപിള്ള.
എന്നും കേരളരാഷ്ട്രീയത്തിലെ മുഖ്യധാരയിൽ നിറഞ്ഞുനിന്ന ബാലകൃഷ്ണപിള്ള അടിയന്തരാവസ്ഥയുടെ പ്രാരംഭഘട്ടത്തിൽ അതിശക്തമായി അതിനെ എതിർത്തിരുന്നു. ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ എന്നും നിലകൊണ്ടു. വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത വകുപ്പുകളെ സമർത്ഥമായി കൈകാര്യം ചെയ്ത പ്രഗത്ഭനായ മന്ത്രിയായിരുന്നു. സ്വന്തം അഭിപ്രായം നിർഭയം തുറന്നുപറയാൻ ഒരിക്കലും മടിക്കാത്ത വ്യക്തിയായിരുന്നു ബാലകൃഷ്ണപിള്ള.
കേരള രാഷ്ട്രീയത്തിൽ കാരണവർ സ്ഥാനത്ത് ഉണ്ടായിരുന്ന ഒരു വ്യക്തിയെയാണ് നഷ്ടമായിരിക്കുന്നത്. കേരള രാഷ്ട്രീയത്തിന് പൊതുവിലും ഇടതുമുന്നണിക്ക് വിശേഷിച്ചും വലിയ നഷ്ടമാണ് ബാലകൃഷ്ണ പിള്ളയുടെ വിയോഗം. കുടുംബത്തിന്‍റെയും, സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
'കേരള രാഷ്ട്രീയത്തിലെ അതികായന് വിട. ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബത്തിന്‍റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ' -രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.