ബാലകൃഷ്ണെൻറ മനസ്സിൻ വിശാലതയിൽ അവർ അന്തിയുറങ്ങും
text_fieldsചാലിശ്ശേരി: അധ്വാനം കൊണ്ട് സ്വരൂപിച്ച ഒരേക്കർ ഭൂമി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന് സൗജന്യമായി നൽകി ചാലിശ്ശേരി സ്വദേശി വട്ടേക്കാട്ട് വി.വി. ബാലകൃഷ്ണെൻറ മാതൃക. പാവപ്പെട്ടവർക്ക് തലചായ്ക്കാൻ ഇടം ഒരുക്കുന്നതിനാണ് 17ാം വാർഡ് വെള്ളടിക്കുന്ന് പ്രദേശത്തെ അരക്കോടിയലധികം വിലമതിക്കുന്ന ഭൂമി തിരുമിറ്റക്കോട് പഞ്ചായത്തിന് കൈമാറിയത്. ഭൂമിയുടെ ആധാരം പഞ്ചായത്ത് സെക്രട്ടറി പി.എൻ. രാജുവിന് കൈമാറി.
തെൻറ ബാല്യകാല ജീവിതാനുഭവങ്ങളിൽനിന്ന് പാഠം ഉൾകൊണ്ടാണ് ഈ പ്രവൃത്തിക്ക് മുതിർന്നതെന്ന് ബാലകൃഷ്ണൻ പറഞ്ഞു. 15 വർഷം സൈനികനായി രാജ്യത്തിന് സേവനം ചെയ്ത ബാലകൃഷ്ണൻ എൻ.സി.സി ഇൻസ്ട്രെക്ടറായും പ്രവർത്തിച്ചു. 20 വർഷം പ്രവാസിയായി ജോലി ചെയ്തിട്ടുമുണ്ട്. നിലവിൽ ചാലിശ്ശേരി കോഓപറേറ്റിവ് ബാങ്ക് പ്രസിഡൻറ്, കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
നിരവധി സേവന, കാരുണ്യപ്രവർത്തനങ്ങളുമായി നേരത്തേയും സജീവമായ ബാലകൃഷ്ണൻ 1993ൽ വീടിന് സമീപം പൊതുശ്മശാനം നിർമാണത്തിന് ഒരേക്കർ സ്ഥലം നൽകിയിരുന്നു. 2012ൽ വാർധക്യത്തിൽ പരിചരണം നഷ്ടപ്പെടുന്ന അമ്മമാർക്കായി അരയേക്കർ സ്ഥലം സൗജന്യമായി നൽകി പ്രതീക്ഷ ഷെൽട്ടർ ആരംഭിച്ചു.
സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിക്ക് വാഹനവും സൗജന്യമായി നൽകിയിരുന്നു. സഹധർമിണി രമാദേവി, യു.എ.ഇയിൽ സോഫ്റ്റ് വെയർ എൻജിനീയറായ സുഭാഷ്, ഡോക്ടർ സുരേഷ്, മരുമക്കളായ അധ്യാപിക പ്രഭ, ഡോക്ടർ ഓൾഗ എന്നിവരുടെ പൂർണ പിന്തുണ ഇദ്ദേഹത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.